| Monday, 10th April 2017, 8:21 am

കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയ്ക്ക് സമീപമുണ്ടായ ബോംബേറ്: എങ്ങുമെത്താതെ അന്വേഷണം അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടെ വേദിയ്ക്ക് സമീപം ബോംബെറിഞ്ഞ സംഭവത്തിലെ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ന്യൂ മാഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. രണ്ടര മാസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല.

തുടര്‍നടപടികള്‍ എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് ഫയല്‍ അടയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് സംഭവം ഉണ്ടായത്. നങ്ങാറത്ത് പീടികയില്‍കെ.പി ജിജേഷ് സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം പൊതുയോഗത്തില്‍ കോടിയേരി സംസാരിക്കുന്നതിനിടെയാണ് ബോബേറ് ഉണ്ടായത്. വൈകീട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്.


Don”t Miss: ‘പൊലീസ് സ്റ്റേഷനില്‍ പെരുമാറേണ്ടത് എങ്ങിനെ?’; സോഷ്യല്‍ മീഡിയയില്‍ വൈറലായി എം.വി ജയരാജന്റെ വീഡിയോ


വേദിയില്‍ നിന്ന് 150 മീറ്ററോളം മാത്രം അകലെയാണ് സ്‌ഫോടനം ഉണ്ടായത്. ബോംബേറില്‍ ഡി.വൈ.എഫ്.ഐ കോടിയേരി വില്ലേജ് ജോയന്റ് സെക്രട്ടറി ശരത്ത് ശശിയ്ക്ക് കഴുത്തിന് പരുക്കേറ്റിരുന്നു. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ബൈക്കിലെത്തി ബോംബെറിഞ്ഞതാണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

കേസ് തങ്ങളുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിക്കേണ്ടെന്നാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ പറഞ്ഞത്. പാര്‍ട്ടി കാണിച്ച ചില ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു.

We use cookies to give you the best possible experience. Learn more