പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ‘മാണി’ എന്നു പേരുള്ള ഒരാള്‍ തന്നെ ജയിക്കണമെങ്കില്‍ മാണി സി. കാപ്പനെ വിജയിപ്പിക്കാന്‍ യു.ഡി.എഫിനെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫ് ഛിന്നഭിന്നമാകുമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം പരാജയപ്പെട്ടു എന്നു പലപ്പോഴും വിധിയെഴുതിയ സന്ദര്‍ഭങ്ങളില്‍ മുന്നണി ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
യു.ഡി.എഫിലെ തര്‍ക്കം പരിഹരിക്കാത്തത് അവര്‍ക്കു തിരിച്ചടിയാകുമെന്നും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും യോജിപ്പിലെത്താന്‍ അവര്‍ക്കു സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്ന വിധിയാണ് പാലായില്‍ മതനിരപേക്ഷ ജനത പ്രതീക്ഷിക്കുന്നത്. പാലായില്‍ ഇത്തവണ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
‘രാജ്യത്തു കാര്‍ഷിക പ്രതിസന്ധി രൂക്ഷമായി. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ സംഘപരിവാര്‍ തീവ്രവര്‍ഗീയത ഉയര്‍ത്തുന്നു. പ്രതിപക്ഷമില്ലാത്ത രാജ്യത്തിനായി ബി.ജെ.പി ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിനു ചങ്കുറപ്പില്ലാത്ത നിലപാടുകളാണുള്ളത്.
രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നൊഴിവായി. ഇന്ത്യയില്‍ ബദല്‍ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം ശക്തമാകണം. ബദല്‍ രാഷ്ട്രീയത്തിനു രാജ്യം ഉറ്റുനോക്കുന്നതു കേരളത്തെയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മതനിരപേക്ഷമായി ജീവിക്കാനാകുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനമാണു കേരളം. ആ പോരാട്ടം പാലാ ഉപതെരഞ്ഞെടുപ്പിലൂടെ ശക്തമാക്കണം.’- അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണം. ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിക്കണം. ഇതിനുള്ള വിധിയാണ് പാലായില്‍ ഉണ്ടാവേണ്ടത്.
എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണ് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഇന്നു കേരളത്തിലുള്ളത്. നിപയും പ്രളയവും ആഞ്ഞടിച്ച കേരളത്തെ മുന്നോട്ടു നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ മികച്ച രീതിയിലാണു മുന്നോട്ടുപോകുന്നത്.
മുന്‍പുണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം എങ്ങനെയായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഴിമതിയുണ്ടാകരുത് എന്നാഗ്രഹിക്കുന്ന ജനത ഇടതുപക്ഷത്തോടൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എം മണി തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.