പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരിച്ച് രാഷ്ട്രീയത്തിലേക്ക് പോകണം; ഗവര്‍ണര്‍ക്കെതിരെ കോടിയേരി
CAA Protest
പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരിച്ച് രാഷ്ട്രീയത്തിലേക്ക് പോകണം; ഗവര്‍ണര്‍ക്കെതിരെ കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2019, 4:27 pm

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദവിയ്ക്ക് നിരക്കാത്ത രീതിയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

‘ബി.ജെ.പി നേതാക്കളെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. മുമ്പ് എം.പിയായിരുന്നതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ലെന്നത് അപക്വ സമീപനമാണ്. പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരിച്ച് രാഷ്ട്രീയത്തിലേക്ക് പോകണം’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ രാഷ്ട്രീയം പറയുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമല്‍ പറഞ്ഞു.

രാഷ്ട്രീയ നേതാവിന്റെ ഭാഷയിലാണ് ഗവര്‍ണര്‍ സംസാരിച്ചത്. ഗവര്‍ണറുടെ നടപടി അപലപനീയമാണെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചരിത്ര കോണ്‍ഗ്രസ് പരിപാടിയ്ക്കിടെയാണ് ഗവര്‍ണര്‍ പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതിഷേധക്കാരെ എതിര്‍ത്തും സംസാരിച്ചത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമിഅ മില്ലിയ, അലിഗഡ്, ജെ.എന്‍.യു എന്നീ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ സംസാരിക്കവേയാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍ പ്രതിഷേധിച്ചത്. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രശ്നമാണെന്നും അതില്‍ ഇടപെടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഇത് രാഷ്ട്രീയ പ്രശ്നമാക്കി ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രതിഷേധക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു തുടര്‍ന്ന് സംസാരിച്ചത്.

ഇതോടെ വേദിയുടെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന ജാമിഅ മില്ലിയ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ‘ റിജക്ട് സി.എ.എ” എന്നെഴുതിയ പ്ലക്കാര്‍ഡുമായി എഴുന്നേറ്റു നിന്നു. ഇത് പിന്നീട് കൂടുതല്‍ പേര്‍ ഏറ്റെടുക്കുകയും ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

WATCH THIS VIDEO: