| Tuesday, 8th November 2016, 12:50 pm

പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല: കെ. രാധാകൃഷ്ണനെ തള്ളി കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.പി.ഐ.എം എല്ലാ കേസിലും നിയമാനുസൃത നടപടിയാണ് കൈക്കൊള്ളുന്നത്. ഏത് പാര്‍ട്ടിക്കാരനായാലും പരാതികൊടുക്കാം എന്ന അവസ്ഥ കേരളത്തില്‍ വന്നു.


തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണന്റെ നടപടി ശരിയല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇരയയുടെ പേര് വെളിപ്പെടുത്തിയ നടപടി തെറ്റാണ്. ഇക്കാര്യത്തില്‍ യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഇതിനപ്പുറമുള്ള നിലപാട് പാര്‍ട്ടിയില്‍ ഇല്ലെന്നും കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോഴാണ് ഇത്തരത്തിലുള്ള കേസുകളില്‍ പരാതിയുമായി രംഗത്തെത്താന്‍ ആളുകള്‍ തയ്യാറാകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതികൊടുത്തിട്ടും കാര്യമില്ല എന്ന് ജനങ്ങള്‍ക്ക് തന്നെ അറിയാം.

അതുകൊണ്ടാണ് അതൊന്നും പുറത്ത് വരാതിരുന്നത്. ഇപ്പോള്‍ സി.പി.ഐ.എം എല്ലാ കേസിലും നിയമാനുസൃത നടപടിയാണ് കൈക്കൊള്ളുന്നത്. ഏത് പാര്‍ട്ടിക്കാരനായാലും പരാതികൊടുക്കാം എന്ന അവസ്ഥ കേരളത്തില്‍ വന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വന്ന മാറ്റമാണ് ഇതെന്നും കോടിയേരി പറഞ്ഞു.

ആര്‍ക്കെതിരെ പരാതിയുണ്ടെങ്കിലും പരിശോധിക്കും. തെറ്റ് ചെയ്യുന്ന ആര്‍ക്കും സി.പി.ഐ.എമ്മില്‍ സംരക്ഷണം ലഭിക്കില്ല. അത് ഏത് പാര്‍ട്ടിക്കാരനായാലും അങ്ങനെയാണ്. ഇത്തരം കാര്യങ്ങളില്‍ സി.പി.ഐ.എം സഖാക്കള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കണ്ട എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

അന്വേഷണത്തിന് പാര്‍ട്ടിക്ക് ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട്. പാര്‍ട്ടി ഒരു അധികാരകേന്ദ്രമായി മാറരുത്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പാര്‍ട്ടി സമഗ്രമായ അന്വേഷണം നടത്തുമെന്നും അത് പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു.

സമൂഹത്തിന്റെ ജീര്‍ണ്ണത പാര്‍ട്ടിയെ ബാധിക്കാന്‍ പാടില്ല. അതിനെതിരെ ജാഗ്രത വേണം. സമൂഹത്തിന്റെ ജീര്‍ണതയില്‍ നിന്ന് സി.പി.ഐ.എം മാറി നില്‍ക്കണം. അതിന് വേണ്ടി ഇത്തരം പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം എടുക്കുമെന്നും കോടിയേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more