തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. കമ്മിഷന്‍ രാഷ്ട്രീയക്കാരെ പോലെ സംസാരിക്കുന്നത് ശരിയല്ലെന്നും സ്ഥാനം രാജിവച്ചിട്ട് വേണം ഇത്തരത്തില്‍ സംസാരിക്കാനെന്നുമാണ് കോടിയേരി പറഞ്ഞത്. കഴിഞ്ഞ ദിവസം മുഖ്യന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെതിരെ പ്രസ്താവന നടത്തിയിരുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാര്‍ ആ പണി എടുത്താല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
Read | നരേന്ദ്രമോദിക്കൊപ്പം ബലാത്സംഗ കുറ്റവാളി ആസാറാം ബാപ്പു; പഴയ വീഡിയോ വീണ്ടും വൈറലാക്കി സോഷ്യല്‍ മീഡിയ
ശ്രീജിത്തിന്റെ മരണത്തിന് പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്വേഷണം ഫലപ്രദമല്ലെന്ന മനുഷ്യാവകാശ കമ്മിഷന്റെ പ്രസ്താവന അപക്വമാണ്.മനുഷ്യാവകാശ കമ്മിഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മിഷന്‍ നേരത്തെയുള്ള രാഷ്ട്രീയ പശ്ചാത്തലത്തിന് അനുസരിച്ചല്ല പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ് പറഞ്ഞിതന്റെ പ്രതികരണമായാണ് മുഖ്യമന്ത്രിയുടെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവന. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ആരോപണ വിധായനായ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചത്. ശരിയല്ല. അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ല. ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പൊലീസുകാരെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ആരോപിച്ചിരുന്നു.