തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കോടിയേരി ബാലകൃഷ്ണന്‍ ; റീ പോളിംഗ് നടത്തുന്നത് മുന്നൊരുക്കമില്ലാതെ
D' Election 2019
തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കോടിയേരി ബാലകൃഷ്ണന്‍ ; റീ പോളിംഗ് നടത്തുന്നത് മുന്നൊരുക്കമില്ലാതെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2019, 9:53 am

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്മീഷന്‍ വേണ്ട മുന്നൊരുക്കമില്ലാതെയാണ് റീ പോളിംഗ് നടക്കുന്നതെന്നും ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നടപടിയെന്നും കോടിയേരി ആരോപിച്ചു.

വേണ്ടത്ര ഗൗരവത്തോടെയല്ല കമ്മീഷന്‍ തീരുമാനമെന്നും ദൂരദേശങ്ങളില്‍ നിന്നുള്ളവരുടെ വോട്ടിംഗ് അവകാശം ഇല്ലാതാക്കുകയാണ് കമ്മീഷനെന്നും കോടിയേരി ആരോപിച്ചു.

കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചിരുന്നു. കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക.

കല്യാശേരിയിലെ 19, 69, 70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് സധ്യതയുള്ളത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് റീപോളിംഗ് നടക്കുക. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യു.പി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സി.പി.ഐ.എമ്മുകാരുമാണ്.