| Saturday, 20th February 2021, 1:48 pm

കൈപ്പത്തിയില്‍ താമര വിരിയിക്കാനും അവര്‍ക്കറിയാം; ഇ. ശ്രീധരനെ പാട്ടിലാക്കിയത് മോദിയുടെ നിര്‍ദേശപ്രകാരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.എം.ആര്‍.സി മുന്‍ എം.ഡി ഇ. ശ്രീധരനെതിരെ സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടി മുഖ്യന്ത്രിയായി വന്നോട്ടെ എന്നാണ് ശ്രീധരന്‍ ഇന്ന് പറഞ്ഞത്. ഇതാണ് കേരളത്തിന്റെ അടിയൊഴുക്ക് എന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസിന്റെ ലക്ഷ്യം എല്‍.ഡി.എഫിനെ തകര്‍ക്കലാണ്. യു.ഡി.എഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ വ്യക്തിയാണെന്നും കോടിയേരി വിമര്‍ശിച്ചു.

ഇത് എന്തിനുള്ള പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വിജയിച്ചാലും ബി.ജെ.പിക്ക് അവരെ വിലക്കെടുക്കാനാകും. കൈപ്പത്തിയില്‍ താമര വിരിയിക്കാന്‍ അവര്‍ക്ക് അറിയാം. മോദി പറഞ്ഞത് അനുസരിച്ചാണ് അവര്‍ ഇ. ശ്രീധരനെ പിടികൂടിയതെന്നും കോടിയേരി പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാകില്ല. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ് എന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തു. സമരക്കാരുമായുള്ള തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷം ജാഗ്രത പാലിച്ചാല്‍ തുടര്‍ഭരണം ഉണ്ടാവും. വലതുപക്ഷ കക്ഷികള്‍ എല്ലാതരം മരണക്കളിയും ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇ. ശ്രീധരനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയെ കുറിച്ച് ശ്രീധരന്‍ പറയുന്നത് ബാലിശമാണെന്നും ഇ. ശ്രീധരന് ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് എ. വിജയരാഘവന്‍ പറഞ്ഞത്.

ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ഇ ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. പിണറായി ഏകാധിപതിയാണെന്നും ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ലെന്നുമായിരുന്നു ഇ. ശ്രീധരന്റെ വിമര്‍ശനം. ഇതിന് മറുപടി നല്‍കുകയായിരുന്നു എ വിജയരാഘവന്‍.

പിണറായിക്ക് പത്തില്‍ മൂന്ന് പോലും കൊടുക്കില്ല. അത്ര മോശം പ്രവര്‍ത്തനമാണ്. പാര്‍ട്ടിക്കും വളരെ മോശം ഇമേജാണ്. കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, സ്വര്‍ണക്കടത്ത് അഴിമതി അങ്ങനെ ഒരുപാട് അഴിമതി പിണറായി ഭരണത്തില്‍ വന്നുകൊണ്ടേയിരിക്കുന്നെന്നും തുടര്‍ഭരണം കേരളത്തിനു ദുരന്തമാവുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു.

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodiyeri Balakrishnan against E.  Sreedharan

Latest Stories

We use cookies to give you the best possible experience. Learn more