| Sunday, 2nd June 2019, 10:24 am

എന്താണ് സഖാവ് ശെല്‍വരാജിന്റെ ജീവനെടുക്കാന്‍ അദ്ദേഹം ചെയ്ത തെറ്റ്; കെ.പി.സി.സി പ്രസിഡന്റ് മറുപടി പറയണമെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം പ്രവര്‍ത്തകന്‍ ശെല്‍വരാജിന്റെ കൊലപാതകത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മറുപടി പറയണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നതെന്നു കോടിയേരി പറഞ്ഞു.

സി.പി.ഐ.എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാന്‍, പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോണ്‍ഗ്രസും ഇടുക്കിയില്‍ നിന്ന് ജനവിധി നേടിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ഈ രാഷ്ട്രീയ കൊലപാതകത്തെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും കോടിയേരി ചോദിച്ചു.

‘പെരിയയില്‍ നിന്ന് ചിതാഭസ്മവും എടുത്ത് യാത്ര നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരായ സഹപ്രവര്‍ത്തകര്‍ കൊല ചെയ്ത ഈ പാവം മനുഷ്യന്റെ ചിതാഭസ്മവുമായി യാത്ര ചെയ്ത്, കോണ്‍ഗ്രസുകാരോട് രാഷ്ട്രീയ കൊലപാതകം അരുതെന്ന് പറയുമോ’ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ കോടിയേരി ചോദിച്ചു.

എനിക്ക് സി.പി.ഐഎമ്മിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുല്‍ പറയുമ്പോള്‍, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാരെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെ ആക്രമിക്കപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ബാര്‍ബര്‍ തൊഴിലാളിയായ ഉടുമ്പന്‍ചോല മേട്ടയില്‍ ശെല്‍വരാജ്(60) തമിഴ്നാട് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു മരിച്ചത്.

മെയ് 23 ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിന്റെ വിജയത്തെ തുടര്‍ന്ന് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന ശെല്‍വരാജിനെ റോഡരികിലെ ടൈലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

അടിയേറ്റ് തലപിളര്‍ന്ന ശെല്‍വരാജിനെ ആദ്യം തേനി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. നിലവഷളായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തില്ല. തുടര്‍ന്ന് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയവുകയായിരുന്നു.

ഒമ്പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ശെല്‍വരാജന്‍ മരിച്ചത്. അക്രമണവുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല സ്വദേശികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഗാന്ധി, ജിമ്പു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more