ചാനലുകളെ 48 മണിക്കൂര്‍ നേരത്തെക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പോലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവര്‍ ആണ് മാധ്യമങ്ങള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ല. കേന്ദ്ര സര്‍ക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസും പ്രതികരിച്ചു. ഇതാണ് പുതിയ ഇന്ത്യയെന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം.
ദല്‍ഹി കലാപത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത ബി.ജെ.പി സര്‍ക്കാര്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കീഴ്‌പ്പെടുത്തലും അടിച്ചമര്‍ത്തലുമാണ് ബി.ജെ.പിയുടെ നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.
മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ആണ് 48 മണിക്കൂര്‍ നേരം ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.