സി.പി.ഐ.എമ്മിനെ വിറപ്പിക്കാമെന്ന് ആര്‍.എസ്.എസുകാര്‍ കരുതേണ്ട; കേരളത്തെ കലാപഭൂമിയാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍: കോടിയേരി
Kerala
സി.പി.ഐ.എമ്മിനെ വിറപ്പിക്കാമെന്ന് ആര്‍.എസ്.എസുകാര്‍ കരുതേണ്ട; കേരളത്തെ കലാപഭൂമിയാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍: കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st February 2022, 10:41 am

കണ്ണൂര്‍: തലശേരി പുന്നോലില്‍ മത്സ്യത്തൊഴിലാളിയായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഹരിദാസിനെ ആര്‍.എസ്.എസ്-ബി.ജെ.പി സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണെന്നും പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നും കോടിയേരി പറഞ്ഞു.

ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്‌തൊരു കൊലപാതകമാണ് ഇത്. രണ്ട് പേരെ വകവരുത്തുമെന്ന് അവിടെ ഒരു ബി.ജെ.പി നേതാവ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്നതാണ് ഇത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍.എസ്.എസുകാര്‍ അക്രമങ്ങള്‍ നടത്താനുള്ള വിവിധ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴയില്‍ മൂന്ന് മാസം മുന്‍പാണ് എസ്.ഡി.പി.ഐ ഒരു കൊലപാതകം നടത്തിയത്. നാലുമാസം മുന്‍പ് സി.പി.ഐ.എം പ്രവര്‍ത്തകനായ സന്ദീപിനെ തിരുവല്ലയില്‍ വെച്ച് കൊലപ്പെടുത്തി.

ഇങ്ങനെ കേരളത്തെ ഒരു കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ കലാപങ്ങള്‍ നടത്തുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ 2 മാസം മുന്‍പ് കേരളത്തിലെ എല്ലാ ജില്ലകളിലും ആര്‍.എസ്.എസുകാര്‍ക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി കൊടുത്തിരുന്നു. 3000ത്തില്‍ അധികം ആളുകളാണ് ആ പരിപാടിയില്‍ പങ്കെടുത്തത്.

ആ പരിശീലനത്തില്‍ പങ്കെടുത്ത തലശേരിയില്‍ നിന്നുള്ള സംഘമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസ് നടത്തുന്ന ഇത്തരം അക്രമപ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രമായി ഒരു അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടിയെടുക്കണം. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം.

ഈ കൊലപാതകം അത്യന്തം പ്രതിഷേധാത്മകമാണ്. മൃഗീയമായ കൊലപാതകമാണ്. ഇതില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഈ കൊലപാതകങ്ങള്‍ക്കെതിരെ ബഹുജനങ്ങളില്‍ നിന്നും ശക്തമായ അഭിപ്രായം ഉയര്‍ന്നുവരണം, കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസ് ബി.ജെ.പി സംഘം കൊലക്കത്തി താഴെവെക്കാന്‍ തയ്യാറല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും പ്രകോപനത്തില്‍പ്പെട്ടുപോകാതെ സി.പി.ഐ.എം പ്രവര്‍ത്തകന്‍മാര്‍ ഇതിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കൊലാപാതക സംഘത്തെ ഒറ്റപ്പെടുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.

ഇതെല്ലാം ചെയ്ത് സി.പി.ഐ.എമ്മിനെ വിറപ്പിക്കാമെന്ന് ആര്‍.എസ്.എസുകാര്‍ കരുതേണ്ട. അവരുടെ ഇത്തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചുകൊണ്ടാണ് കേരളത്തില്‍ സി.പി.ഐ.എം വളര്‍ന്നുവന്നത്. കണ്ണൂരിലും ഇത്തരത്തിലുള്ള അക്രമങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി വളര്‍ന്നത്. അപ്പോള്‍ ഇതിനേയും അതിജീവിക്കാനുള്ള ശക്തി സി.പി.ഐ.എമ്മിനുണ്ട്, കോടിയേരി പറഞ്ഞു.