തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയമുണ്ടെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം മണ്ഡലങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനായില്ലെന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ വോട്ട് കച്ചവടം നടന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണെന്നും കേരളത്തിലെ കോണ്‍ഗ്രസ് ബി.ജെ.പിയുമായി ചേര്‍ന്ന് രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ നടന്ന ഉപതെരഞ്ഞെടുപ്പിലെ പോലെ ഇത്തവണയും അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടായതായി മുല്ലപ്പള്ളി പറഞ്ഞിരുന്നു.
വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നതായും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.
കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം
‘വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ട് കച്ചവടം ചെയ്യപ്പെട്ടു എന്ന് കെ.പി.സി.സിയുടെ പ്രസിഡന്റ് ആണ് തുറന്ന് പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസിന്റെ വോട്ട് കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥ കേരളത്തിലെ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം.
വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും ഇതുപോലെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കെ.പി.സി.സി അധ്യക്ഷന്റെ തുറന്ന് പറച്ചില്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തായിരുന്നു കോണ്‍ഗ്രസ് വോട്ടുകള്‍ കൂട്ടമായി ബി.ജെ.പിക്ക് മറിഞ്ഞത്. അതിന്റെ ഫലമായാണ് കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായത്. അതില്‍ നിന്നും ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതാണ് മുല്ലപ്പള്ളിയുടെ തുറന്ന് പറച്ചില്‍ വ്യക്തമാക്കുന്നത്.
ഇത് പരാജയം മുന്‍കൂട്ടികണ്ടുകൊണ്ടുള്ള മുന്‍ കൂര്‍ ജാമ്യം എടുക്കല്‍ കൂടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ വിജയം നേടുമെന്ന കാര്യം അവര്‍ക്ക് ഉറപ്പായി. എല്‍.ഡി.എഫിന് കേരളത്തില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നകാര്യം അറിയാവുന്നതുകൊണ്ട് ബി.ജെ.പിയും വിറളി പിടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
എല്‍.ഡി.എഫ് അധികാരത്തില്‍ വരില്ലെന്നാണ് ബി.ജെ.പി നേതാവ് പി. കെ കൃഷ്ണദാസ് പറഞ്ഞത്. അദ്ദേഹത്തിനെങ്ങനെയാണ് അത് പറയാന്‍ സാധിക്കുന്നത്? അതിനര്‍ത്ഥം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ചില അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നതാണ്.
ഇവരങ്ങനെ വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം ആരംഭിച്ചിരിക്കുകയാണ്. അതിന്റെ തുടക്കമാണ് മുല്ലപ്പള്ളിയുടെ ഈ പ്രസ്താവന.
കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസായി നിര്‍ത്താന്‍ കോണ്‍ഗ്രസ് ആദ്യം പരിശ്രമിക്കണം. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ തൂക്കിവിറ്റു എന്ന അപമാനകരമായ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്,’
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക