CPIM
ചേരികള്‍ക്ക് സമാനമായ ദുസ്ഥിതിയില്‍ പല അഗ്രഹാരങ്ങളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; 'ഒരു വീടിന് അഞ്ചു ലക്ഷം രൂപ കിട്ടത്തക്കവിധത്തില്‍ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 26, 03:21 am
Friday, 26th July 2019, 8:51 am

കോഴിക്കോട്: സവര്‍ണ ഹിന്ദു മേധാവിത്വ തത്ത്വശാസ്ത്രമാണ് ആര്‍.എസ്എസിന്റേതെന്ന് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടാറുണ്ട്, അത് ദാരിദ്ര്യാവസ്ഥയില്‍ ഇന്നു കഴിയുന്ന, ജന്മംകൊണ്ട് സവര്‍ണസമുദായത്തില്‍ പിറന്നവരെ അധിക്ഷേപിക്കാനല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സി.പി.ഐ.എം ഭവനസന്ദര്‍ശന പരിപാടിക്കിടെ തിരുവനന്തപുരത്തെ അഗ്രഹാരത്തെരുവിലെത്തിയപ്പോള്‍ തങ്ങളെ സവര്‍ണ്ണ ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞയാളോട് മറുപടിയായാണ് ഇക്കാര്യം പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ജനമനസ്സിലൂടെ എന്ന ലേഖനത്തിലാണ് കോടിയേരിയുടെ വാക്കുകള്‍.

ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും തുടര്‍നടപടിയെടുപ്പിക്കാമെന്നും ഉറപ്പുനല്‍കിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു.

വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകള്‍, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികള്‍ കരുതുന്ന സ്ത്രീകള്‍, ക്ഷേത്രത്തില്‍ കയറിയത് സര്‍ക്കാരിനും എല്‍.ഡി.എഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങളുണ്ടായെന്നും കോടിയേരി പറഞ്ഞു.

ജനമനസ്സ് അറിയാനുള്ള ദൗത്യമായിരുന്നു. ജനങ്ങളില്‍നിന്ന് പഠിക്കുക, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, പാര്‍ടി ഘടകങ്ങളുടെയും വര്‍ഗബഹുജന സംഘടനകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുക. ഇതിന് ഊര്‍ജം പകരുന്നതാണ് ഇപ്പോഴത്തെ ബഹുജനസമ്പര്‍ക്ക പരിപാടിയെന്നും ലേഖനത്തില്‍ പറയുന്നു.