| Friday, 26th October 2018, 9:58 am

ഇതായിരുന്നു ശബരിമലയിലെ ബി.ജെ.പിയുടെ മാസ്റ്റര്‍ പ്ലാന്‍; പദ്ധതികള്‍ അക്കമിട്ട് നിരത്തി കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ആവിഷ്‌കരിച്ചിരുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കുന്ന വേളയില്‍ വിശ്വാസത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയലഹളയുണ്ടാക്കാനായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടിരുന്നത്.

അതിനുവേണ്ടി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മൂവായിരത്തോളം ക്രിമിനലുകളെ ഉള്‍പ്പെടെ ശബരിമല കാട്ടിനകത്തും പുറത്തുമായി തമ്പടിപ്പിച്ചെന്ന് കോടിയേരി ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.


ശബരിമല പ്രക്ഷോഭം; അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍: ജാമ്യം കിട്ടാന്‍ 13 ലക്ഷം കെട്ടിവെക്കണം


അവര്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കും വിക്രിയകള്‍ക്കും സമാനതകളില്ല. മലകയറാന്‍ വന്ന 50 കഴിഞ്ഞ സത്രീകളെപ്പോലും ഉപദ്രവിച്ചു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിനുവേണ്ടി യുവതികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമബാധ്യത നടപ്പാക്കാന്‍ പരിശ്രമിച്ച പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും നിഷ്ഠൂരമായി ആക്രമിച്ചു.

ഏഴ് വനിതാ മാധ്യമപ്രവര്‍ത്തകരെ ശാരീരികമായി കൈയേറ്റംചെയ്തു. ചാനലുകളുടെ ക്യാമറകളും മൈക്കുകളും വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും തല്ലിത്തകര്‍ത്തു. സംഘപരിവാര്‍ അക്രമികളുടെ കൊലക്കത്തിയുടെ മുനയില്‍നിന്ന് രക്ഷനേടാന്‍ ശബരിമല ക്ഷേത്രം അടയ്ക്കുന്ന ദിവസം മാധ്യമങ്ങള്‍ മണിക്കൂറുകള്‍ക്കുമുമ്പേ അവിടെനിന്ന് കൂട്ടത്തോടെ മാറിപ്പോയി. ശബരിമലയില്‍ കുരുതിക്കളം തീര്‍ക്കാനും നാട്ടില്‍ വര്‍ഗീയലഹളയുണ്ടാക്കാനും നോക്കിയത് വിശ്വാസം സംരക്ഷിക്കാനല്ലെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റും വോട്ടും നേടാനുള്ള നീച രാഷ്ട്രീയതന്ത്രമാണ് സംഘപരിവാര്‍ പയറ്റിയതെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

പ്രബുദ്ധരായ വിശ്വാസികളുടെയും മതനിരപേക്ഷശക്തികളുടെയും ഇടപെടലും പൊലീസിന്റെയും സര്‍ക്കാരിന്റെയും ജാഗ്രതാപൂര്‍ണമായ നടപടികളുംകാരണം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ സംഘപരിവാറിന് കഴിയാതെവന്നെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ ഇതഃപര്യന്തം പാര്‍ലമെന്റ് സീറ്റ് നേടാന്‍ കഴിയാത്ത സംഘപരിവാര്‍, പടിവാതിലില്‍ എത്തിയിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റും വോട്ടും ലാക്കാക്കി ശബരിമലയെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

ഹിന്ദു സമുദായങ്ങളില്‍ ഭീതിയും അരക്ഷിത ബോധവും വിയോജന മനോഭാവവും വളര്‍ത്തുക, ഒപ്പം അഹിന്ദുക്കളോട് വിദ്വേഷം സൃഷ്ടിക്കുക ഇതിലൂടെ വര്‍ഗീയലഹളയ്ക്ക് കളമൊരുക്കുക ഇതാണ് ബിജെപി ആര്‍എസ്എസ് ശക്തികള്‍ ചെയ്യുന്നത്.

ബി.ജെ.പിയും ആര്‍.എസ്.എസും ശബരിമലയില്‍ വര്‍ഗീയ ചേരിതിരിവിനുള്ള നികൃഷ്ടനീക്കം നടത്തിയെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു

ശബരിമലയില്‍ പൊലീസ് ഡ്യൂട്ടി എത്രയോ കാലമായി ഉള്ളതാണ്. അവിടെ വരുന്ന പൊലീസുകാരും ഉദ്യോഗസ്ഥരുമെല്ലാം ഹിന്ദുക്കളായിരിക്കണമെന്ന് ശഠിക്കുന്നത് എത്രമാത്രം ഹീനമാണ്.

ജാതിയും മതവും വേര്‍തിരിച്ച് പൊലീസ് ഉദ്യോഗസ്ഥരെ സംഘപരിവാറിന്റെ “സാമൂഹ്യമാധ്യമ ക്രിമിനലുകള്‍” മാത്രമല്ല, ശ്രീധരന്‍പിള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചത് അപമാനകരമാണ്.

മതനിരപേക്ഷ കേരളത്തിന്റെ യശസ്സിന് ഇത് കളങ്കമാണ്. അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയില്‍ അയ്യപ്പന്‍തന്നെ കൂട്ടിയ വാവര് സ്വാമിയുണ്ട്. അതുപോലെ മാളികപ്പുറത്തമ്മയുണ്ട്. ഇവിടെ ഹിന്ദു ആചാരങ്ങള്‍ നിലനില്‍ക്കുന്ന കേന്ദ്രമാണെന്നതിനൊപ്പം എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും ദര്‍ശനത്തിന് അനുമതിയുള്ള ഇടവുമാണ്.

ഇവിടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം പൊലീസ് ഐജി മനോജ് എബ്രഹാം വന്നത് സംഘപരിവാറുകാരുടെ കണ്ണില്‍ കൊടിയ പാതകമായി.

മുന്‍കാലങ്ങളിലും ഈ ഉദ്യോഗസ്ഥന്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ഇവിടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് വരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജാതിയും മതവും തിരയുന്നവര്‍ നാളെ ശബരമലയില്‍ ധര്‍മശാസ്താവിനെ പാടിയുറക്കുന്ന “ഹരിവരാസനം” ആലപിച്ച ഗായകന്റെ ജാതിയും മതവും ചികയില്ലെന്ന് ആര് കണ്ടു.

ഈ പോക്ക് അംഗീകരിക്കാന്‍ പ്രബുദ്ധകേരളത്തിനാകില്ല. പൊലീസിലും സമൂഹത്തിലും ശബരിമലയുടെപേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള നികൃഷ്ടനീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ശബരിമലയെ മറ്റൊരു അയോധ്യയാക്കാന്‍ ഉല്‍കൃഷ്ടകേരളം അനുവദിക്കില്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

കേരളത്തില്‍ ഇതഃപര്യന്തം പാര്‍ലമെന്റ് സീറ്റ് നേടാന്‍ കഴിയാത്ത സംഘപരിവാര്‍, പടിവാതിലില്‍ എത്തിയിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റും വോട്ടും ലാക്കാക്കി ശബരിമലയെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

ഹിന്ദു സമുദായങ്ങളില്‍ ഭീതിയും അരക്ഷിത ബോധവും വിയോജന മനോഭാവവും വളര്‍ത്തുക, ഒപ്പം അഹിന്ദുക്കളോട് വിദ്വേഷം സൃഷ്ടിക്കുക ഇതിലൂടെ വര്‍ഗീയലഹളയ്ക്ക് കളമൊരുക്കുക ഇതാണ് ബി.ജെ.പി ആര്‍.എസ്.എസ് ശക്തികള്‍ ചെയ്യുന്നത്.

ഇതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസും യുഡിഎഫ് കക്ഷികളും മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് നാടിനോട് കാട്ടുന്നത്. കൊടിയില്ലാതെ സമരത്തില്‍ പങ്കെടുക്കുകയെന്ന നയം തിരുത്തി, കൊടി പിടിച്ച് സമരത്തില്‍ പങ്കാളിയാകാനാണ് പുതിയ തീരുമാനം.

ശബരിമല വിഷയത്തെ ശരിയായ മതനിരപേക്ഷ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാന്‍ കഴിയുന്നില്ലെങ്കില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ഗുജറാത്തില്‍ കോണ്‍ഗ്രസിന് നേരിട്ട തകര്‍ച്ചയായിരിക്കുമെന്നും കോടിയേരി പറയുന്നു.

We use cookies to give you the best possible experience. Learn more