പ്രവാസി വ്യവസായിയുടെ ആത്മഹത്യ;നഗരസഭ അധ്യക്ഷയ്ക്ക് അനുമതി നല്‍കാന്‍ അധികാരമില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടെ മുഖം രക്ഷിക്കാന്‍ സി.പി.ഐ.എം ശ്രമം. നഗസരഭാ അധ്യക്ഷക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരമില്ലെന്നും വീഴ്ച പറ്റിയത് ഉദ്യോഗസ്ഥ തലത്തിലെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അധ്യക്ഷ എന്ന നിലയില്‍ കാര്യങ്ങള്‍ പരിശോധിക്കാം.എന്നാല്‍ അപ്പീല്‍ അധികാരം പോലും അധ്യക്ഷക്ക് ഇല്ല. അങ്ങനെ വളരെ പരിമിതമായ രീതിയില്‍ മാത്രമേ അധ്യക്ഷക്ക് ഇടപെടാന്‍ കഴിയു. അത്തരത്തില്‍ അധ്യക്ഷക്ക് വീഴ്ചപറ്റിയിട്ടില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.
സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികളുണ്ടായിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാല്‍ ആന്തൂര്‍ നഗരസഭ ഭരിക്കുന്നത് സി.പി.ഐ.എം ആണെന്നതിനാല്‍ സി.പി.ഐ.എമ്മിനെ വേട്ടയാടാമെന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നേരത്തെ ശ്യാമളക്കെതിരെ നടപടിയെടുക്കണമെന്ന് തളിപറമ്പ് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഉത്തരവാദിത്തത്തില്‍ നിന്ന് നഗരസഭാ അധ്യക്ഷക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അവര്‍ക്ക് വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നുമായിരുന്നു ഏരിയാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. അവരെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഏരിയാകമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ഇതിന് വിപരീതമായ നിലപാടാണ് ഇപ്പോള്‍ സി.പി.ഐ.എം സ്വീകരിക്കുന്നത്.
നഗരസഭ പരിധിയില്‍ ഓഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ ടി. അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.