| Friday, 23rd December 2016, 8:45 am

എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്, അത് മോദി സര്‍ക്കാരിന്റേതല്ല; പൊലീസിനെ വിമര്‍ശിച്ച് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ദേശീയഗാന വിഷയം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നയത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയില്‍ “ജനഗണമനയുടെ മറവില്‍ കപട ദേശീയത” എന്ന ലേഖനത്തിലൂടെ കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. 


തിരുവനന്തപുരം: യു.എ.പി.എ, ദേശദ്രോഹക്കുറ്റ വിവാദങ്ങളില്‍ പൊലീസിന വിമര്‍ശിച്ചും സര്‍ക്കാരിനെ ന്യായീകരിച്ചും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാന സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയഗാന വിഷയം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നയത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയില്‍ “ജനഗണമനയുടെ മറവില്‍ കപട ദേശീയത” എന്ന ലേഖനത്തിലൂടെ കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

പൊലീസ്‌നയത്തെപ്പറ്റി ചില വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുന്നുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്. അത് മോദി സര്‍ക്കാരിന്റെയോ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെയോ നയമല്ല. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യു.എ.പി.എ ഉപയോഗിക്കാവു എന്നാണ് സര്‍ക്കാര്‍ നയം. അതിന് വിരുദ്ധമായ പ്രവര്‍ത്തനം ഉണ്ടവരുതെന്നും കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

യു.എ.പി.എ യും രാജ്യദ്രോഹ വകുപ്പും യു.ഡി.എഫ് ഭരണകാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാരിനെ ന്യായീകരിച്ച് കോടിയേരി പറയുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരുള്‍പ്പടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെപോലും യു.എ.പി.എ ചുമത്തി. അത്തരം ഭരണ നടപടികളുണ്ടായപ്പോള്‍ അതിനെതിരെ ചെറുശബ്ദംപോലും ഉയര്‍ത്താതെ മൗനികളായിരുന്നവര്‍ ഇപ്പോള്‍ വാചാലരാകുന്നത് അര്‍ഥ ഗര്‍ഭമാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുകയും തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. തെറ്റായ നടപടി സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നദീര്‍ എന്ന യുവാവിനെതിരെ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ 2016 മാര്‍ച്ച് മൂന്നിന് യു.എ.പി.എ പ്രകാരം കേസ് ചുമത്തി. ഇപ്പോള്‍ ആ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വസ്തുതാപരമല്ലെന്ന് കണ്ട് വിട്ടയച്ചു. മുന്‍ സര്‍ക്കാര്‍ തെറ്റായി ചുമത്തിയ യു.എ.പി.എ കേസുകളില്‍പ്പോലും നിയമപരമായ പുനഃപരിശോധന നടത്താന്‍ പൊലീസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


അതുപോലെ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെന്ന പേരില്‍ മൂന്ന് ചെറുപ്പക്കാരെ തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍നിന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റമായ 124 (എ) ചുമത്തുകയും ചെയ്തു.

എന്നാല്‍, സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെതുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രമേള നടക്കുമ്പോള്‍ കോടതിവിധി പാലിക്കാന്‍ പൊലീസ് സിനിമാശാലയില്‍നിന്ന് ഏതാനുംപേരെ സമാനസംഭവത്തില്‍ കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അവര്‍ക്കെതിരെ 124 (എ) ചുമത്തിയില്ല. അത് വിരല്‍ചൂണ്ടുന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ തലതിരിഞ്ഞ പൊലീസ് നയമല്ല എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് എന്നാണെന്നും കോടിയേരി പറയുന്നു.


ഇതിനിടെ നോവലിസ്റ്റ് കമല്‍ സി ചവറയ്‌ക്കെതിരെ 124 (എ) ചുമത്തിയത് തെറ്റായ സന്ദേശം നല്‍കുന്നതാണ്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനില്‍നിന്ന് വിട്ടയച്ചത് ഉചിതമായ നടപടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയത്തിനും പൊലീസ് ആക്ടിനും വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുകയും തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാരിനെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more