| Wednesday, 20th September 2017, 8:00 am

കോടിയേരിയും ജയരാജനും ഹിറ്റ്‌ലിസ്റ്റിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എന്നിവര്‍ക്ക് വധഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേതാക്കള്‍ക്ക് നല്‍കിവരുന്ന സുരക്ഷ തുടരണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.


Also Read: സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ച് ബോധമില്ലാതെ പ്രധാനധ്യാപകന്‍; നടപടിയെടുക്കാതെ യോഗി സര്‍ക്കാര്‍; വീഡിയോ


ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ, മുസ്ലിംലീഗ്, തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള ഭീഷണികള്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനു നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ സംഘടനകളില്‍ നിന്ന് വധ ഭീഷണിയുള്ള ഇദ്ദേഹത്തിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശങ്ങളാണുള്ളത്.

ജയരാജനു നിലവില്‍ നല്‍കിവരുന്ന വൈ പ്ലസ് സുരക്ഷ തുടരണമെന്നും ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിക്ക് ഭീഷണികള്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും ആര്‍.എസ്.എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഭീഷണി ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടിയേരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും മുന്‍മന്ത്രി ഇ.പി. ജയരാജന് എക്സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.


Dont Miss: അമേരിക്കയ്‌ക്കെതിരെ ഇനിയും ഭീഷണിയുര്‍ത്തിയാല്‍ ഉത്തര കൊറിയയെ തകര്‍ത്ത് തരിപ്പണമാക്കും; കന്നി പ്രസംഗത്തില്‍ കിം ജോങ് ഉന്നിന് ഭീഷണിയുയര്‍ത്തി ട്രംപ്


ബി.ജെ.പി. നേതാക്കളായ എം.ടി. രമേശ്, സി.കെ. പത്മനാഭന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കും വധ ഭീഷണി നിലവിലുണ്ട്. ഇവര്‍ക്ക് നല്‍കിവരുന്ന എക്സ് കാറ്റഗറി സുരക്ഷ തുടരണമെന്ന് പറയുന്ന റിപ്പോര്‍ട്ട് എം.ടി. രമേശിന് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ സംഘടനകളില്‍നിന്നാണ് ഭീഷണിയുള്ളതെന്നും വ്യക്തമാക്കുന്നു.

എന്നാല്‍ എക്സ് കാറ്റഗറി സുരക്ഷ നിലവിലുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം.എല്‍.എ ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് യാതൊരു സുരക്ഷാഭീഷണികളും നിലവിലില്ല. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക് മാവോവാദികളുടെ ഭീഷണിയുണ്ട്.

We use cookies to give you the best possible experience. Learn more