സുകുമാരന്‍ നായര്‍ യു.ഡി.എഫ് കണ്‍വീനറെ പോലെ; ഊര്‍ധശ്വാസം വലിക്കുന്ന യു.ഡി.എഫിനെ വെന്റിലേറ്ററില്‍ കിടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം: കോടിയേരി
Kerala
സുകുമാരന്‍ നായര്‍ യു.ഡി.എഫ് കണ്‍വീനറെ പോലെ; ഊര്‍ധശ്വാസം വലിക്കുന്ന യു.ഡി.എഫിനെ വെന്റിലേറ്ററില്‍ കിടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം: കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 11:58 am

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുകുമാരന്‍ നായര്‍ യു.ഡി.എഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുന്നെന്നും പാലായില്‍ തകര്‍ന്നടിഞ്ഞ യു.ഡി.എഫിന് ജീവന്‍കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചതിന്റെ പേരില്‍ സി.പി.ഐ.എമ്മിന്റെ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി സി.കെ വിക്രമന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്.

”ഒരു സമുദായത്തില്‍പ്പെട്ട ആളാണ് ഞങ്ങള്‍, ഇതേ സമയുദായത്തില്‍പ്പെട്ട ആളാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അതുകൊണ്ട് ആ സമുദായക്കാരായവരെല്ലാം ഇദ്ദേഹത്തിന് വോട്ട് ചെയ്യണം എന്ന് പറഞ്ഞ് വീടുകളില്‍ പോയി പ്രചരണം നടത്തിയതിന്റെ ഫോട്ടോ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് നഗ്നമായ ചട്ടലംഘനമാണ്. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കാന്‍ പാടില്ല എന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമാണ്. അങ്ങനെ വോട്ട് പിടിച്ചതിന്റെ ഭാഗമായി മുന്‍കാലത്ത് ചില തെരഞ്ഞെടുപ്പുകള്‍ അസാധുവായിട്ടുണ്ട്.

മതം പറഞ്ഞ് വോട്ട് പിടിച്ചതിന്റെ പേരിലാണ് അഴീക്കോട് ഷാജിയുടെ എം.എല്‍.എ സ്ഥാനം റദ്ദാക്കിയത്. നേരത്തെ മൂവാറ്റുപുഴയില്‍ നിന്ന് 2004 ല്‍ ജയിച്ച പി.സി തോമസിന്റെ എം.പി സ്ഥാനം റദ്ദാക്കിയത്. അത്തരത്തില്‍ ചട്ടലംഘനമാണ് ഇവിടെ നടക്കുന്നത്.

സമുദായസംഘടനയ്ക്കകത്ത് എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സമുദായ സംഘടന എടുത്ത നിലപാട് ഉണ്ടാകുമെങ്കിലും അത് അനുസരിച്ച് വോട്ട് ചെയ്യുന്നവര്‍ ഉണ്ടാകാം. എന്നാല്‍ രാഷ്ട്രീയനിലപാട് ഉള്ളവരെല്ലാം അത് അനുസരിച്ചേ വോട്ട് ചെയ്യുകയുള്ളൂ. അതാണ് കേരളത്തില്‍ മുന്‍കാലങ്ങളിലുള്ള അനുഭവം.

ഈ സമുദായ സംഘടനകളും മതസംഘടനകളും എല്ലാം ചേര്‍ന്ന് രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കി ഇടതുപക്ഷത്തെ തോല്‍പ്പിച്ച ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നു 1982 ല്‍. ആ വിശാല മുന്നണിയെ തോല്‍പ്പിച്ചുകൊണ്ടാണ് 1987 ല്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നത്. രാഷ്ട്രീയപാര്‍ട്ടി തന്നെ ഉണ്ടാക്കി അവര്‍ ഞങ്ങള്‍ക്കെതിരെ മത്സരിച്ചിട്ടുണ്ട്. അങ്ങനെയെുള്ള ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ യു.ഡി.എഫിന്റെ നേതൃത്വം തന്നെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ പാല തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് നേതൃത്വമില്ലാതായി യു.ഡി.എഫ് ശിഥിലമായി. തമ്മിലടിക്കുന്ന മുന്നണിയായി. അതുമനസിലാക്കി ഊര്‍ധശ്വാസം വലിക്കുന്ന, യു.ഡി.എഫിനെ വെന്റിലേറ്ററില്‍ കിടത്താന്‍ വേണ്ടിയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി തന്നെ യു.ഡി.എഫ് കണ്‍വീനര്‍ പോലെ പ്രവര്‍ത്തിക്കുന്നത്.

സാമുദായിക സംവരണം പാടില്ല എന്ന് പറയുന്ന എന്‍.എസ്.എസിനെ നേതൃത്വം തന്നെ ഏല്‍പ്പിച്ചതിനെ കുറിച്ച് മറ്റ് ഘടകകക്ഷികള്‍ക്ക് എന്താണ് പറയാനുള്ളത്. ഇത് അവരുടെ ഇടയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. – കോടിയേരി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങള്‍ ആവശ്യപ്പെട്ടതൊന്നും നല്‍കിയില്ലെന്ന് എന്‍.എസ്.എസ് പറയുന്നു. മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ 10 ശതമാനം സംവരണം കൊടുക്കണം എന്ന നിലപാട് ആദ്യമേ സ്വീകരിച്ച പാര്‍ട്ടി സി.പി.ഐ.എമ്മാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ സി.പി.ഐ.എം സ്വീകരിച്ച നിലപാടാണ്. കേരളത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് സാമുദായിക സംവരണം പാടില്ല, സാമ്പത്തിക സംവരണം മാത്രമേ പാടുള്ളൂ എന്നതാണ്.

എല്‍.ഡി.എഫിന്റെ നിലപാട് സാമുദായിക സംവരണം നിലനിര്‍ത്തിക്കൊണ്ട് സംവരണ പ്രകാരം ആനുകൂല്യം കിട്ടുന്ന ഒരു സമുദായത്തിനും സംവരണം നഷ്ടപ്പെടുത്താതെ മുന്നാക്ക സമുദായത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം കൊടുക്കണം. അത് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നടപ്പാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. അതിനുള്ള അവസരം ഇടതുപക്ഷത്തിന് ഉണ്ടായിരുന്നില്ല.

കഴിഞ്ഞ എല്‍.ഡി.എഫ് മാനിഫെസ്റ്റോ അംഗീകരിക്കുമ്പോള്‍ ഇലക്ഷന്‍ കാലത്ത് പറഞ്ഞിട്ടുണ്ട് ഞങ്ങള്‍ ഇതിന് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന മേഖളകളില്‍ സംവരണം നടപ്പാക്കുമെന്ന്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍കാലത്തും ഇത്തരത്തിലുള്ള നിലപാട് അവര്‍ സ്വീകരിച്ചിട്ടുണ്ട്. സാമുദായിക സംഘടകളും മതസംഘടനകളും രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഭരണഘടനയുടെ മതനിരപേക്ഷ സങ്കല്‍പ്പത്തെ തകര്‍ക്കും. ഭരണഘടനാ മൂല്യങ്ങളെ തന്നെ നിരാകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മതസംഘടനകളും സാമുദായിക സംഘടനകളും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലൂടെ സംഭവിക്കുക. ഇത് ഭാവിയില്‍ ഗുരുതരമായ സാമുദായിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അല്ലാതെ അവര്‍ സമുദായം പറഞ്ഞ് വോട്ട് ചോദിക്കുന്നതുകൊണ്ട് ഞങ്ങളുടെ വോട്ട് കുറയുമെന്ന ഭയം കൊണ്ടൊന്നുമല്ല. ഇതെല്ലാം ജനങ്ങള്‍ തീരുമാനിക്കും- കോടിയേരി പറഞ്ഞു.