തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കെ.എം ഷാജി എം.എല്‍.എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയും ഷാജിക്കെതിരെ പ്രതികരിച്ചിരുന്നു.
കൊവിഡിനെ നേരിടുന്നതില്‍ കേരളം ഒറ്റ മനസ്സോടെ മുന്നോട്ട് പോവുകയാണ്, സര്‍ക്കാരും മുഖ്യമന്ത്രിയും കൈകൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ജനതയുടെയും ലോകത്തിന്റെയും പ്രശംസ ലഭിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഷാജിയുടെ ആരോപണം അസംബന്ധമാണെന്നും കോടിയേരി പറഞ്ഞു.
അതേ സമയം കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി വന്നിരുന്ന വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് കെ.എം ഷാജി എം.എല്‍.എക്ക് നല്‍കി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. വി.ടി ബല്‍റാം, ഷാഫി പറമ്പില്‍ എന്നീ എം.എല്‍.എമാരാണ് ഷാജിയെ അഭിനന്ദിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നിയമവിരുദ്ധമായി ചെലവഴിക്കുന്നുവെന്ന് കെ.എം ഷാജി ആരോപിച്ചിരുന്നു. ഇതിനോട് ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് കെ.എം ഷാജി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സി.പി.ഐ.എം നേതാക്കളെ സഹായിക്കാനായി ചിലവഴിച്ചെന്നും കെ.എം ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.