ഗെയില്‍ വിരുദ്ധസമരം തെറ്റിദ്ധാരണ കൊണ്ടാണെന്ന് കോടിയേരി; വികസനം അനുവദിക്കാത്ത തത്പര കക്ഷികളാണ് പ്രശ്‌നമുണ്ടാക്കുന്നത്
Kerala
ഗെയില്‍ വിരുദ്ധസമരം തെറ്റിദ്ധാരണ കൊണ്ടാണെന്ന് കോടിയേരി; വികസനം അനുവദിക്കാത്ത തത്പര കക്ഷികളാണ് പ്രശ്‌നമുണ്ടാക്കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2017, 12:50 pm

പാലക്കാട്: ഗെയില്‍വിരുദ്ധ സമരം നടക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫിന്റെ കാലത്ത് സി.പി.ഐ.എം ഗെയില്‍ വിരുദ്ധ സമരം നടത്തിയിരുന്നു. അത് സ്ഥലം ഏറ്റെടുക്കുന്നതിരെയായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു.

ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കും. മുമ്പുണ്ടായിരുന്ന പ്രശ്‌നം ഇപ്പോഴില്ല. വികസനം അനുവദിക്കില്ലെന്ന ചില തല്‍പ്പരകക്ഷികളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പദ്ധതി കേരളത്തിന് അത്യാവശ്യമാണ്. ജനങ്ങള്‍ സംയമനം പാലിക്കണം. ഭൂവുടമകളടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു.

അതേ സമയം ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതു നയമല്ലെന്ന് ഭരണപരിഷ്‌ക്കാര ചെയര്‍മാന്‍ വി.എസ് അച്യതുതാനന്ദന്‍ പ്രതികരിച്ചിരുന്നു. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ നടത്തുന്ന സമരം വേഗം ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് പറഞ്ഞിരുന്നു.

കൊച്ചി- മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് മുക്കത്തിന് സമീപം എരഞ്ഞിമാവ് കേന്ദ്രീകരിച്ച് നടന്നുവരുന്ന സമരത്തിനെതിരെ കഴിഞ്ഞദിവസമാണ് പൊലീസ് ലാത്തിവീശിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.