ബി.ജെ.പി വരയ്ക്കുന്ന വരയില്‍ നടക്കണമെന്നും സംഘപരിവാര്‍ കുറിക്കുന്ന ലക്ഷ്മണരേഖ കടക്കരുതെന്നും കല്‍പിച്ചാല്‍ അത് നടപ്പാക്കാനുള്ള വെള്ളരിക്കാപട്ടണമല്ല ഇന്ത്യ: എം.ടിക്കെതിരായ വിമര്‍ശനത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് കോടിയേരി
Daily News
ബി.ജെ.പി വരയ്ക്കുന്ന വരയില്‍ നടക്കണമെന്നും സംഘപരിവാര്‍ കുറിക്കുന്ന ലക്ഷ്മണരേഖ കടക്കരുതെന്നും കല്‍പിച്ചാല്‍ അത് നടപ്പാക്കാനുള്ള വെള്ളരിക്കാപട്ടണമല്ല ഇന്ത്യ: എം.ടിക്കെതിരായ വിമര്‍ശനത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th December 2016, 3:02 pm

kodiyeri89

തിരുവനന്തപുരം: എം.ടിക്കെതിരായ വിമര്‍ശനത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് കോടിയേരി മോദിയെ വിമര്‍ശനിക്കാന്‍ എം.ടി ആരെന്ന ബി.ജെ.പിയുടെ ചോദ്യം  അസംബന്ധം നോട്ട് അസാധുവാക്കലില്‍ തെളിയുന്നത് മോദിയുടെ അരാജകത്വ ഭരണമാണെന്നും കോടിയേരി പറയുന്നു.

നോട്ട് നിരോധനത്തോട് വിയോജിച്ച എം ടി വാസുദേവന്‍നായരെ അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികള്‍ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണ്.

  നോട്ട് അസാധുവാക്കലില്‍ തെളിയുന്നത് മോഡിയുടെ അരാജകത്വ ഭരണനയമാണ്. സാമാന്യ ബുദ്ധിയും ദേശക്കൂറുമുള്ള ആരും അതിനോട് വിയോജിക്കും. ജ്ഞാനപീഠജേതാവായ എം ടി അത് ചെയ്തത് മഹാ അപരാധമായി എന്നവിധത്തില്‍ സംഘപരിവാര്‍നടത്തുന്ന പ്രതികരണവും എംടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പ്രാകൃത നടപടിയാണെന്നും കോടിയേരി പറയുന്നു.

നോട്ട് നിരോധനത്തെപ്പറ്റി പ്രതികരിക്കാന്‍ എം.ടി ആരെന്ന ബി.ജെ.പി നേതാക്കളുടെ ചോദ്യം അസംബന്ധമാണ്. ഇത്തരം വിഷയങ്ങളില്‍ മറ്റാരേക്കാളും അഭിപ്രായം പറയാനുള്ള അര്‍ഹതയും അവകാശവും മഹാസാഹിത്യകാരനായ എം.ടിക്കുണ്ട്്.

ബി.ജെ.പി വരയ്ക്കുന്ന വരയില്‍ നടക്കണമെന്നും സംഘപരിവാര്‍ കുറിക്കുന്ന ലക്ഷ്മണരേഖ കടക്കരുതെന്നും കല്‍പിച്ചാല്‍ അത് നടപ്പാക്കാനുള്ള വെള്ളരിക്കാപട്ടണമല്ല ഇന്ത്യ.


നാലുകെട്ടുകാരന്‍” ഇനി പാകിസ്ഥാനില്‍ താമസിക്കുന്നതാണ് നല്ലതെന്ന് ചില സംഘപരിവാറുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത് സംസ്‌കാരസമ്പന്നമായ ഇന്ത്യയ്ക്കാകെ അപമാനകരമാണ്.

എം.ടി ഇന്ത്യയ്ക്ക് അഭിമാനമായ സാഹിത്യകാരനാണ്. ബി.ജെ.പിയുടെയും മോദിയുടെയും കുഴലൂത്തുകാരാകാത്ത എഴുത്തുകാര്‍ പിറന്ന മണ്ണില്‍ ജീവിക്കണ്ടയെന്ന് പ്രഖ്യാപിക്കുന്നത് തികഞ്ഞ ഫാസിസമാണ്.

കേരളത്തിന്റെ സാമൂഹ്യമാറ്റത്തിനിടയില്‍ നാലുകെട്ടുകളില്‍ സംഭവിച്ച ജീവിത തകര്‍ച്ച അടയാളപ്പെടുത്തുന്ന കൃതിയാണ് എം.ടിയുടെ മാസ്റ്റര്‍പീസായ നാലുകെട്ട്”. നോട്ട് അസാധുവാക്കലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച എം.ടി സാധാരണ ജനങ്ങളുടെ വികാര-വിചാരങ്ങള്‍ പ്രകടിപ്പിക്കുകയാണ് ചെയ്തത്. എം.ടി.ക്കെതിരെ സംഘപരിവാര്‍ശക്തികള്‍ നടത്തുന്ന ഉറഞ്ഞുതുള്ളല്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യശക്തികള്‍ ശബ്ദമുയര്‍ത്തണമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രധാനമന്ത്രിക്കെതിരെ പറയാന്‍ എം.ടിക്ക് എന്ത് അധികാരമാണുള്ളതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നത്. നോട്ട് നിരോധന നടപടിയില്‍ എം.ടിയുടെ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ല. രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നുമായിരുന്നു ബി.ജെ.പി പറഞ്ഞിരുന്നത്.

നോട്ടുനിരോധനത്തെ കുറിച്ചുള്ള തോമസ് ഐസക്കിന്റെ പുസ്തകം പുറത്തിറക്കുന്ന വേദിയിലായിരുന്നു എം.ടി മോദിയെയും നോട്ടുനിരോധനത്തെയും വിമര്‍ശിച്ചിരുന്നത്. തുഗ്ലക്കിനെ പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് എം.ടി പറഞ്ഞിരുന്നു.