| Monday, 5th June 2017, 10:43 am

കാല്‍ തൊട്ട് വന്ദിക്കാന്‍ വരുന്ന ബി.ജെ.പിക്കാരെ മതമേലധ്യക്ഷന്‍മാര്‍ ജാഗ്രതയോടെ കാണണം: കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതീക്ഷിച്ച അളവില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനാവാതെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ നിന്നും മടങ്ങിയതെന്നും മതസൗഹാര്‍ദം തകര്‍ത്ത് കേരളത്തെ ഗുജറാത്താക്കി മാറ്റാനാണ് അമിത്ഷായും കൂട്ടരും ശ്രമിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അമിത്ഷാ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തന്ത്രത്തിന്റെ ഭാഗമായാണ്. എന്നാല്‍, ഇത്തരം കെണികളില്‍ കേരളത്തിലെ മതമേലധ്യക്ഷന്മാര്‍ വീഴില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കാല്‍ തൊട്ട് വന്ദിക്കാന്‍ വരുന്ന ബിജെപിക്കാരെ അവര്‍ ജാഗ്രതയോടെ കാണണമെന്നും കോടിയേരി പറഞ്ഞു.


Dont Miss താന്‍ സംഘപരിവാറുകാരനല്ലെന്ന് മുരളീ ഗോപി; പിണറായി വിജയനല്ല കൈതേരി സഹദേവന്‍


കേരളത്തെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വര്‍ഗീയപ്രചാരണങ്ങളെ മലയാളികള്‍ ഒറ്റക്കെട്ടായി നേരിടും.

കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാന സര്‍ക്കാരിനും സി.പി.ഐ.എമ്മിനും എതിരെ അസംബന്ധപ്രചാരണങ്ങളാണ് അമിത്ഷാ നടത്തിയത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ദല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ഭീഷണി വ്യക്തിയെയല്ല, സി.പി.ഐ.എമ്മിനെ ലക്ഷ്യമിട്ടുള്ളതാണ്. അത്തരം ഭീഷണികള്‍ക്കുമുന്നില്‍ കീഴടങ്ങുന്നവരല്ല സി.പി.ഐ.എമ്മുകാര്‍.

ദേശീയതലത്തില്‍ കേരളത്തെ അപകീര്‍ത്തികരമായി ചിത്രീകരിക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമം നടത്തുകയാണ്. ബി.ജെ.പിയുടെ വര്‍ഗീയനിലപാടുകളെ മലയാളികള്‍ അംഗീകരിക്കാത്തതാണ് ഇതിനുപിന്നിലുള്ള കാരണം. സംസ്ഥാനത്ത് വര്‍ഗീയകലാപങ്ങള്‍ ലക്ഷ്യമിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more