| Monday, 27th March 2017, 7:55 am

വര്‍ഗീസ് വധം; ഇത് പാര്‍ട്ടി നിലപാടിന് നിരക്കുന്ന സത്യവാങ്മൂലമല്ല; സമര്‍പ്പിച്ചത് മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതെന്നും മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിതെന്നും കോടിയേരി സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി.


Also read ‘ഇത് ക്രൈം ആണ് ജേര്‍ണലിസമല്ല, മംഗളം ടി.വിയ്‌ക്കെതിരെ കേസെടുക്കണം’; മംഗളം ടി.വിയുടെ ആദ്യവാര്‍ത്തയെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു 


“യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനാണ് സത്യവാങ്മൂലം നല്‍കിയത്. ഈ അഭിഭാഷകനെ ഇടത് സര്‍ക്കാര്‍ മാറ്റിയിട്ടില്ല. പാര്‍ട്ടി നയത്തിന് നിരക്കുന്ന സത്യവാങ്മൂലമല്ല നല്‍കിയിരിക്കുന്നത്”. കോടിയേരി സംസ്ഥാന സമിതിയിലുയര്‍ന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.

നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയും ആണെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായിരുന്നെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ വര്‍ഗീസിനെ കൊലപാതകിയും കൊള്ളക്കാരനുമായി ചിത്രീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തണമെന്നും സി.പി.ഐ.എം നിലപാട് വ്യക്തമാക്കണമെന്നും സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെടുകയും ചെയതിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കൊള്ളക്കാരനും കൊലപാതകിയുമായതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹനല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

We use cookies to give you the best possible experience. Learn more