തിരുവനന്തപുരം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ വിജയിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം തെരഞ്ഞെടുപ്പില്‍ 2006ലെ കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.എം മാണിയെ തിരികെ വിളിച്ചത് ലീഗിന്റേയും യു.ഡി.എഫിന്റെയും ഗതികേടാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കുഞ്ഞൂഞ്ഞ്-കുഞ്ഞാപ്പ-കുഞ്ഞുമാണി കൂട്ടുകെട്ട് തകര്‍ന്നിരിക്കുകയാണെന്നും പറഞ്ഞ കോടിയേരി കുഞ്ഞാലിക്കുട്ടിയുടെ 2006ലെ തോല്‍വി ഇത്തവണയും ആവര്‍ത്തിക്കുമെന്നും ഇടത് പക്ഷം അട്ടിമറി ജയം നേടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ സ്വന്തം തട്ടകത്തില്‍ നിന്ന് കെ.ടി ജലീല്‍ അട്ടിമറിക്കുകയായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ കുറ്റിപ്പുറം മണ്ഡലത്തില്‍ അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ലീഗിനും യു.ഡി.എഫിനുമേറ്റ തിരിച്ചടിയായിരുന്നു ജലീലിന്റെ വിജയം.
തോല്‍ക്കുമെന്ന ഭയം ഉള്ളതിനാലാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെക്കാത്തതെന്നും കോടിയേരി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ കേരളാ കോണ്‍ഗ്രസ് ലീഗിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പിന്തുണ തേടി കുഞ്ഞാലിക്കുട്ടി മാണിക്ക് കത്തെഴുതിയതിനെ തുടര്‍ന്നായിരുന്നു ലീഗിനെ പിന്തുണയ്ക്കാന്‍ മാണി തീരുമാനിച്ചത്.