| Friday, 17th July 2020, 4:45 pm

സര്‍ക്കാരിന് പിന്നില്‍ പാര്‍ട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ട്; സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് പാര്‍സലായി യു.എ.ഇയിലെ നയതന്ത്രപ്രതിനിധിയുടെ പേരില്‍ വന്ന ബാഗേജ് പിടികൂടാനായത് കസ്റ്റംസിന്റെ ഭാഗത്തുനിന്നുള്ള ധീരമായ നിലപാടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്നാല്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കസ്റ്റംസ് മാത്രം അന്വേഷിച്ചാല്‍ പോരെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍.ഐ.എ കൂടി അന്വേഷിക്കണമെന്ന് പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ എന്‍.ഐ.എ അന്വേഷിച്ചാല്‍ കൂടുതല്‍ കാര്യം പുറത്തുവരും. മാത്രമല്ല വിപുലമായ അധികാരവും എന്‍.ഐ.എയ്ക്കുണ്ട്. അവര്‍ ഏറ്റെടുക്കുമ്പോള്‍ സ്വാഭവികമായും അന്വേഷണതലത്തില്‍ തന്നെ മാറ്റം വന്നു.

നിലവില്‍ കേസന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. എല്ലാ വസ്തുതകളും എന്‍.ഐ.എ അന്വേഷണത്തില്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കണം. പഴുതടച്ച അന്വേഷണം നടത്താന്‍ എന്‍.ഐ.എയ്ക്ക് കഴിയേണ്ടതുണ്ട്.

സ്വര്‍ണം എന്തെല്ലാം കാര്യത്തിന് പോകുന്നു എന്നതടക്കം അന്വേഷണ പരിധിയില്‍ വരണം. ഈ വിഷയത്തില്‍ എല്‍.ഡി.എഫിനോ സി.പി.ഐ.എമ്മിനോ ഒന്നും മറച്ചുവെക്കാനില്ല. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രഗവര്‍മെന്റിന് തീരുമാനിക്കാമെന്നും കേസന്വേഷണം ഫലപ്രദമാക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

എന്നാല്‍ അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഈ സംഭവത്തെ സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനും എതിരായി ഉപയോഗിക്കാനുള്ള ഗൂഢാലോചന പ്രതിപക്ഷം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആദ്യം പറഞ്ഞത് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. എന്നാല്‍ അത്തരത്തിലൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് പിന്നീട് വെളിപ്പെട്ടു.

സ്വര്‍ണം പിടികൂടിയ സമയത്ത് പാര്‍സല്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് വിളിച്ചത് ബി.ജെ.പിയുമായും ബി.എം.എസുമായും ബന്ധപ്പെട്ട വ്യക്തിയായിരുന്നു. അത് മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പറഞ്ഞത്.

ആരോപണ വിധേയയായ സ്ത്രീയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.എ.എസ് ഓഫീസറുമായി ബന്ധമുണ്ടെന്ന് പറഞ്ഞ അവസരത്തില്‍ തന്നെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി.

പകരം രണ്ട് സ്ഥാനത്തേക്കും പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു. ആ ദിവസം മുതല്‍ ശിവശങ്കറിന് ഓഫീസുമായോ സര്‍ക്കാരുമായോ ബന്ധപ്പെട്ട ചുമതല കൊടുത്തിട്ടില്ല. കസ്റ്റംസ് ശിവശങ്കറിന് ഈ കേസില്‍ ബന്ധമുള്ളതായുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനും നല്‍കിയിട്ടില്ല.

ആ സ്ത്രീക്ക് പല തരത്തില്‍ നിയമനം കൊടുത്തു എന്ന് പറഞ്ഞു. സര്‍ക്കാര്‍ അന്വേഷിക്കാന്‍ സമിതിയെ വെച്ചു. തുടര്‍ന്ന് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഒരു സര്‍ക്കാര്‍ ഇത്തരം പ്രശ്‌നം വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യേണ്ടത് എന്നതിന്റെ ഉത്തമ മാതൃകയാണ് സര്‍ക്കാര്‍ എടുത്തത്.

എന്നാല്‍ പ്രതിപക്ഷം പ്രചാരവേല തുടരുകയാണ്. അത്തരം പ്രചാരവേല സര്‍ക്കാരിനെ അസ്ഥിരീകരിക്കാനാണ്. പോര്‍മുഖം തുറക്കാനാണ്. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തോടുകൂടി അത് അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ പ്രചരണം രാഷ്ട്രീയം മാത്രമാണ്.

ഗവര്‍മെന്റിന് പിന്നില്‍ പാര്‍ട്ടിയും എല്‍.ഡി.എഫും ഒറ്റക്കെട്ടാണ്. വ്യക്തിപരമായ പ്രചാരവേല ചെയ്ത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ല. സോളാര്‍കേസുപോലുള്ള കേസാണ് ഇതെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് പറയുന്നു. അത്തരം പ്രചാരവേലയ്ക്ക് യാതൊരു വിധ അടിസ്ഥാനവുമില്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണവിധേയന്‍ മുഖ്യമന്ത്രി തന്നെയായിരുന്നു. ആരോപണ വിധേയയായ സ്ത്രീ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ വലിയ വിമര്‍ശനം ഉന്നയിച്ചു. പീഡന ആരോപണം വരെയുണ്ടായി. എന്നാല്‍ അത്തരത്തിലുള്ള ഒന്നും ഈ കേസില്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ എതിരായി ഇല്ല.

ഈ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എന്താണ് പങ്ക്, ഓഫീസിന് എന്താണ് പങ്ക്? മുഖ്യമന്ത്രിയുടെ കൈയും ഓഫീസും ശുദ്ധമാണെന്ന് തെളിയിച്ചിട്ടും സമരം നടത്തുമെന്നും സര്‍ക്കാരിനെ താഴെയിറക്കുമെന്നും പറഞ്ഞ് നടത്തുന്നവരുടെ ലക്ഷ്യം രാഷ്ട്രീയം മാത്രമാണ്.

കൊവിഡ് നിബന്ധന ലംഘിച്ച് പ്രതിപക്ഷം സമരം നടത്തി. ഒടുവില്‍ ഹൈക്കോടതി തന്നെ ഇടപെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സമരം നിര്‍ത്തിയതായി അറിയിച്ചു. നല്ലത്. എന്നാല്‍ നരേന്ദ്രമോദി നല്‍കിയ കൊവിഡ് സുരക്ഷാ നിബന്ധന വെല്ലുവിളിച്ച് ബി.ജെ.പി സമരം ചെയ്യുന്നത് തുടരുകയാമ്. യഥാര്‍ത്ഥത്തില്‍ കേസുമായി ബന്ധപ്പെട്ടവരെ കണ്ടുപിടിക്കുക എന്നതല്ല അവരുടെ പ്രശ്‌നം. കോലാഹലമുണ്ടാക്കി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ്, കോടിയേരി പറഞ്ഞു.

യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയത്തിന് ആരും എതിരല്ലെന്നും എന്നാല്‍ നിയമസഭയില്‍ അത് തള്ളിപ്പോകുമെന്നും കോടിയേരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more