തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് പാര്‍സലായി യു.എ.ഇയിലെ നയതന്ത്രപ്രതിനിധിയുടെ പേരില്‍ വന്ന ബാഗേജ് പിടികൂടാനായത് കസ്റ്റംസിന്റെ ഭാഗത്തുനിന്നുള്ള ധീരമായ നിലപാടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്നാല്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
കസ്റ്റംസ് മാത്രം അന്വേഷിച്ചാല്‍ പോരെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍.ഐ.എ കൂടി അന്വേഷിക്കണമെന്ന് പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ എന്‍.ഐ.എ അന്വേഷിച്ചാല്‍ കൂടുതല്‍ കാര്യം പുറത്തുവരും. മാത്രമല്ല വിപുലമായ അധികാരവും എന്‍.ഐ.എയ്ക്കുണ്ട്. അവര്‍ ഏറ്റെടുക്കുമ്പോള്‍ സ്വാഭവികമായും അന്വേഷണതലത്തില്‍ തന്നെ മാറ്റം വന്നു.
നിലവില്‍ കേസന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. എല്ലാ വസ്തുതകളും എന്‍.ഐ.എ അന്വേഷണത്തില്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കണം. പഴുതടച്ച അന്വേഷണം നടത്താന്‍ എന്‍.ഐ.എയ്ക്ക് കഴിയേണ്ടതുണ്ട്.
സ്വര്‍ണം എന്തെല്ലാം കാര്യത്തിന് പോകുന്നു എന്നതടക്കം അന്വേഷണ പരിധിയില്‍ വരണം. ഈ വിഷയത്തില്‍ എല്‍.ഡി.എഫിനോ സി.പി.ഐ.എമ്മിനോ ഒന്നും മറച്ചുവെക്കാനില്ല. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രഗവര്‍മെന്റിന് തീരുമാനിക്കാമെന്നും കേസന്വേഷണം ഫലപ്രദമാക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
എന്നാല്‍ അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഈ സംഭവത്തെ സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനും എതിരായി ഉപയോഗിക്കാനുള്ള ഗൂഢാലോചന പ്രതിപക്ഷം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആദ്യം പറഞ്ഞത് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. എന്നാല്‍ അത്തരത്തിലൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് പിന്നീട് വെളിപ്പെട്ടു.
സ്വര്‍ണം പിടികൂടിയ സമയത്ത് പാര്‍സല്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് വിളിച്ചത് ബി.ജെ.പിയുമായും ബി.എം.എസുമായും ബന്ധപ്പെട്ട വ്യക്തിയായിരുന്നു. അത് മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പറഞ്ഞത്.
ആരോപണ വിധേയയായ സ്ത്രീയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.എ.എസ് ഓഫീസറുമായി ബന്ധമുണ്ടെന്ന് പറഞ്ഞ അവസരത്തില്‍ തന്നെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി.
പകരം രണ്ട് സ്ഥാനത്തേക്കും പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു. ആ ദിവസം മുതല്‍ ശിവശങ്കറിന് ഓഫീസുമായോ സര്‍ക്കാരുമായോ ബന്ധപ്പെട്ട ചുമതല കൊടുത്തിട്ടില്ല. കസ്റ്റംസ് ശിവശങ്കറിന് ഈ കേസില്‍ ബന്ധമുള്ളതായുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനും നല്‍കിയിട്ടില്ല.
ആ സ്ത്രീക്ക് പല തരത്തില്‍ നിയമനം കൊടുത്തു എന്ന് പറഞ്ഞു. സര്‍ക്കാര്‍ അന്വേഷിക്കാന്‍ സമിതിയെ വെച്ചു. തുടര്‍ന്ന് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഒരു സര്‍ക്കാര്‍ ഇത്തരം പ്രശ്‌നം വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യേണ്ടത് എന്നതിന്റെ ഉത്തമ മാതൃകയാണ് സര്‍ക്കാര്‍ എടുത്തത്.