കണ്ണൂര്‍: വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയതിന് പിന്നാലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.
ഐഫോണിന്റെ കാര്യം അന്വേഷണത്തില്‍ തെളിഞ്ഞില്ലേയെന്നും വിനോദിനി ഉപയോഗിക്കുന്നത് വില കൊടുത്ത് വാങ്ങിയ ഫോണാണെന്നും കോടിയേരി പറഞ്ഞു. ആരോപണങ്ങള്‍ വന്നാല്‍ പകച്ച് വീട്ടില്‍ പനി പിടിച്ചു കിടക്കാന്‍ ഞങ്ങളെ കിട്ടില്ല. ഇനിയും ആരോപണം വന്നേക്കാം. വന്നാല്‍ അതും നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
വിനോദിനി ബാലകൃഷ്ണന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ വിനോദിനി സ്വന്തമായി വാങ്ങിയതാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കവടിയാറിലെ കടയില്‍നിന്നാണ് വിനോദിനി ഫോണ്‍ വാങ്ങിയത്. സ്റ്റാച്യു ജങ്ഷനിലെ കടയില്‍നിന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയത്. ഈ രണ്ട് ഫോണുകളും റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് വിറ്റത് സ്പെന്‍സര്‍ ജങ്ഷനിലെ ഹോള്‍സെയില്‍ ഡീലറാണ്.
രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളിലായാണ് വിറ്റത്. അതിനാല്‍ കസ്റ്റംസ് സംഘം ഹോള്‍സെയില്‍ ഡീലറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാകാം വിനോദിനിയുടെ ഫോണും സന്തോഷ് ഈപ്പന്‍ നല്‍കിയതാണെന്ന വാദത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് കോടിയേരി രംഗത്തെത്തിയത്.
തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും അതിനനുസരിച്ച് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരുന്നതിനെ കുറിച്ച് പാര്‍ട്ടി വിലയിരുത്തുമെന്നും ഇപ്പോള്‍ ചികിത്സക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി കേരളത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റന്‍ എന്ന പ്രയോഗം പാര്‍ട്ടി മുന്നോട്ട് വെച്ചതല്ല. ജനങ്ങള്‍ ആണ് അത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി കണ്ടാല്‍ മതി. പാര്‍ട്ടിയും എല്‍.ഡി.എഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും കോടിയേരി വിശദീകരിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന ഇ.പി ജയരാജന്റെ നിലപാട് വ്യക്തിപരമാണെന്നും എന്നാല്‍ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ എല്ലാം തീരുമാനം എടുക്കുകയെന്നും കോടിയേരി പറഞ്ഞു.
തലശ്ശേരിയിലെ വിവാദങ്ങളിലും കോടിയേരി നിലപാട് വ്യക്തമാക്കി. തലശേരിയില്‍ വോട്ട് കച്ചവടം പതിവാണെന്നും ഒരു വിഭാഗം വോട്ട് യു.ഡി.എഫിന് ചെയ്യുന്ന ശീലം തലശ്ശേരിയിലുണ്ടെന്നും അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം ബി.ജെ.പിയും അത് മുതലെടുക്കാന്‍ യു.ഡി.എഫും ശ്രമിക്കുന്നതിന്റെ ഫലമായാണ് തലേശേരിയിലെ ധാരണയെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മത്സരത്തിന് ഇറങ്ങുന്നത് അങ്ങേ അറ്റത്തെ ആത്മവിശ്വാസത്തോടെയാണ്. തുടര്‍ഭരണം എന്നത് മുന്നണി രൂപം കൊടുത്ത ആശയം അല്ല. ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ആശയമാണത്. പാലാ അടക്കം ഉപതെരഞ്ഞെടുപ്പുകള്‍ മുതല്‍ കേരളത്തില്‍ തുടര്‍ഭരണ സാധ്യത ഉറച്ചെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിലയിരുത്തി തന്നെ ജനം വോട്ട് ചെയ്യും. വിശദമായ മാനിഫെസ്റ്റോ ജനങ്ങള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫ് വെച്ചിട്ടുണ്ട്. 50 മേഖലകളിലായി 900 വാഗ്ദാനങ്ങളാണ് ഇത്തവണയുള്ളത്. ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് പ്രവര്‍ത്തിച്ച മറ്റ് ഏത് മുന്നണിയുണ്ട് ? കേരളാ കോണ്‍ഗ്രസിന്റെ അടക്കം വരവോടെ മുന്നണിയുടെ അടിത്തറ വിപുലമായെന്നും അത് അത്മവിശ്വാസം കൂട്ടുന്നു എന്നും കോടിയേരി കണ്ണൂരില്‍ വിശദീകരിച്ചു.
കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിക്ക് മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളിയെന്നും കേന്ദ്ര ഫണ്ടോടെ പ്രചാരണ കോലാഹലങ്ങള്‍ നടത്താന്‍ പറ്റും പക്ഷെ വോട്ട് വീഴാനുള്ള സാധ്യത ഇല്ലെന്നും കോടിയേരി പറഞ്ഞു.
ത്രിപുര ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. അതിനൊന്നും പറ്റിയ സംസ്ഥാനമല്ല കേരളമെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക