തിരുവനന്തപുരം: യു.ഡി.എഫുകാര്‍ പരിഭ്രാന്തരായതുകൊണ്ടാണ് കള്ളവോട്ട് കഥയിറക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വിജയം സി.പി.ഐ.എമ്മിനെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും ഏത് അന്വേഷണത്തേയും നേരിടാന്‍ സി.പി.ഐ.എം തയ്യാറാണെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും കൂടുതല്‍ കള്ളവോട്ട് ചെയ്തത് യു.ഡി.എഫാണ്. കള്ളവോട്ട് ചെയ്യേണ്ട സാഹചര്യം ഇടതുമുന്നണിക്ക് ഇല്ലെന്നും കോടിയേരി പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ് പ്രചാരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കെടുക്കുകയാണെന്നും പക്ഷപാതപരമായി നടപടിയെടുക്കുന്നുവെന്നും കോടിയേരി ആരോപിച്ചിരുന്നു. മുന്‍പേ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള തീരുമാനമാണ് മീണ സ്വീകരിച്ചതെന്നും കോടിയേരി ആരോപിച്ചിരുന്നു.
കള്ളവോട്ടില്‍ ആരോപണവിധേയരായവരുടെ വിശദീകരണം തേടുകയോ, നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഇതിനെതിരെ സി.പി.ഐ.എം നിയമനടപടികളിലേക്ക് നീങ്ങുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
പഞ്ചായത്തംഗത്തെ അയോഗ്യയാക്കാന്‍ ശുപാര്‍ശ നല്‍കുന്നതിന് മീണയ്ക്ക് അധികാരമില്ലെന്നും, ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞിരുന്നു.
അതേസമയം കള്ളവോട്ട് നടന്നെന്ന് വസ്തുതാപരമായി പഠിച്ചാണ് താന്‍ കണ്ടെത്തിയതെന്നും കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തതെന്നും ടീക്കാറാം മീണ പറഞ്ഞിരുന്നു. പക്ഷപാതമില്ലാതെയാണ് താന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്. തനിക്കെതിരായ രാഷ്ട്രീയപരാമര്‍ശം വേദനിപ്പിച്ചെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.