തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബിനോയ്‌ക്കെതിരായി മുംബൈ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പരിശോധിച്ച് അതിന്റെ നിജസ്ഥിതി നിയമപരമായി കണ്ടെത്തേണ്ടതാണെന്നും ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഉള്ള ഒരു നടപടിയോ താനോ പാര്‍ട്ടിയോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞു.
ബിനോയ് പ്രായപൂര്‍ത്തിയായവനും പ്രത്യേക കുടുംബവുമായി താമസിക്കുന്നവനുമാണ്. ഇത് സംബന്ധിച്ച് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനായ വ്യക്തിയുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമാണ്.
അക്കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി എന്നുള്ള നിലയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ അതിന് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും സന്നദ്ധമാകില്ല.
കുടുംബാംഗങ്ങള്‍ ചെയ്യുന്ന ഉത്തരവാദിത്തം പാര്‍ട്ടിക്കോ വ്യക്തിപരമായി എനിക്കോ ഏറ്റെടുക്കാന്‍ സാധിക്കില്ല. അതിന്റെ അനന്തരഫലങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ഏറ്റെടുക്കണം. അത്തരമൊരു നിലപാടാണ് ഈ പ്രശ്‌നത്തില്‍ ഞാന്‍ സ്വീകരിക്കുന്നത്.
ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പാര്‍ട്ടി ഇടപെടേണ്ട പ്രശ്‌നമല്ല ഇത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ വ്യക്തിപരമായി പാര്‍ട്ടി അംഗങ്ങള്‍ എടുക്കേണ്ട സമീപനം കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കും എന്നതല്ല.
അതേസമീപനമാണ് എന്റെ മകന്റെ പേരിലായാലും ഒരു പാര്‍ട്ടി അംഗമെന്ന നിലയില്‍ ഞാന്‍ സ്വീകരിക്കുക. മറ്റ് കാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനം എടുക്കട്ടെ. അതില്‍ ഇടപെടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു. നിങ്ങള്‍ കുറേ ദിവസമായി എന്നെ തേടിനടക്കുന്നു എന്നതുകൊണ്ടാണ് നിങ്ങളെ തന്നെ വിളിച്ച് കാര്യം അറിയിക്കാന്‍ തീരുമാനിച്ചത്.- കോടിയേരി പറഞ്ഞു.
കോടതി നടപടിയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പറയാന്‍ പറ്റില്ലെന്നും ബിനോയ് ജാമ്യത്തിന് അപേക്ഷ കൊടുത്തതായി അറിഞ്ഞെന്നും കോടിയേരി പറഞ്ഞു.
ഗൂഢോലോചന നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം കോടതി പരിശോധിക്കട്ടെയെന്നായിരുന്നു കോടിയേരിയുടെ മറുപടി.
മകന്‍ ഇങ്ങനെയൊരു തെറ്റ് ചെയ്യുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ബിനോയ്‌ക്കെതിരെ ആരോപണം വന്നിരിക്കുകയല്ലേയെന്നും പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തട്ടെയെന്നും അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നുമായിരുന്നു കോടിയുടെ മറുപടി.
പ്രശ്‌നം വന്ന ശേഷം കണ്ടിട്ടില്ല. കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയതായി അറിയില്ലെന്നും കോടിയേരി പറഞ്ഞു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
മക്കള്‍ ചെയ്യുന്ന എല്ലാ കാര്യത്തിന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവില്ല. അവന്റെ പിറകെ ഞാന്‍ എപ്പോഴും പോകുന്ന ആളാണെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നോ അങ്ങനെ ഇടപെടാന്‍ ഏത് രക്ഷിതാവിനാണ് കഴിയുക.
സംരക്ഷണം കിട്ടുമെന്ന് വിചാരിച്ച് ആരും തെറ്റ് ചെയ്യാന്‍ പോകട്ടെ. പാര്‍ട്ടി മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇത് ബാധകമാണ്. സ്വന്തം ചെയ്തികളുടെ ഫലം ചെയ്തവന്‍ തന്നെ അനുഭവിക്കണമെന്നും കോടിയേരി പറഞ്ഞു.