തിരുവനന്തപുരം: അദാനിയുമായി ബന്ധമുള്ള സ്ഥാപനമാണ് സിറിള്‍ അമര്‍ ചന്ദ് മംഗള്‍ദാസ് എന്നത് കെ.എസ്.ഐ.ഡി.സി അറിഞ്ഞിരുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദാനിയെ സഹായിക്കാനാണ് പുതിയ വിവാദമെന്നും അദ്ദേഹം പറഞ്ഞു.
അദാനിയുമായുള്ള ബന്ധം നിയമസ്ഥാപനം മറച്ചുവെച്ചെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജനും പറഞ്ഞു. അദാനിയുമായുള്ള ബന്ധം ഇപ്പോഴാണ് മനസിലായതെന്നും തുടര്‍നടപടി സ്വീകരിക്കുന്നത് ആലോചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
നേരത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചത് സര്‍ക്കാര്‍ ഒത്തുകളിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
‘അദാനിക്ക് താല്‍പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് സംശയാസ്പദമാണ്. അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനായി ഗുജറാത്ത് കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡി.സിയുടെ എം.ഡിയാക്കി നിയമിച്ചു. കേരളം ഉറപ്പിച്ച ലേലത്തുക നേരത്തേ മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്’- ചെന്നിത്തല പറഞ്ഞു.
അദാനിയുടെ താല്‍പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് സിയാലിനെ കണ്‍സള്‍ട്ടന്റാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.
കെ.പി.എം.ജിയുടെ കണ്‍സള്‍ട്ടന്‍സിയായുള്ള വരവ് തന്നെ ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
പരസ്യമായി ഇരയോടൊപ്പമാണെന്ന് പറയുകയും വേട്ടക്കാരനോടൊപ്പം നിന്ന് രഹസ്യമായി വേട്ട നടത്തുകയും ചെയ്യുകയാണ് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. ഈ സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trivandrum Airport Adani CPIM