തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ടു. തിരൂര്‍ പുളിഞ്ചോട്ടിലാണ് വിപിന്‍ കൊല്ലപ്പെട്ടത്. റോഡരികില്‍ വെട്ടേറ്റ നിലയില്‍ രാവിലെ ബിപിനെ കണ്ടെത്തിയിരുന്നു.
കേസിലെ പ്രധാന പ്രതികളിലൊരാളാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും തിരൂര്‍ സ്വദേശിയുമായ വിപിന്‍.
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ കൊല്ലപ്പെടുന്നത്. ഹിന്ദുവായിരുന്ന ഫൈസല്‍ മതംമാറി മുസ്ലീമായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്.
2016 നവംബര്‍ 19ന് പുലര്‍ച്ചയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കാണുന്നത്.
ഫൈസലിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ രണ്ട് സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അഞ്ച് മക്കളുമാണ് മതം മാറിയത്. ഫൈസലിന്റെ കൊലപാതകത്തിന് പിന്നാലെ അമ്മ മീനാക്ഷിയും ഇസ്ലാം സ്വീകരിച്ചിരുന്നു.
ഗള്‍ഫിലേക്ക് പോകുന്നതിന് തലേദിവസമാണ് ഫൈസല്‍ കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് 16 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.