നേരത്തെ തന്നെ ഫൈസലിന് വധഭീഷണി ഉണ്ടായിരുന്നെന്നും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയാല്‍ മുസ്‌ലീമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇവര്‍ നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും മീനാക്ഷി പറയുന്നു
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധത്തിന് പിന്നില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫൈസലിന്റെ അമ്മ മീനാക്ഷി. ഫൈസലിനെ കൊലപാപ്പെടുത്തിയത് പിന്നില്‍ ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവായ വിനോദിന് പങ്കുണ്ടെന്ന് മീനാക്ഷി പറഞ്ഞു.
മതംമാറിയതുമൂലമുള്ള പ്രകോപനംമൂലമാണ് ഫൈസലിന് ഇവര്‍ കൊലപ്പെടുത്തിയത്. ഫൈസല്‍ സഹോദരിമാരെയുള്‍പ്പെടെ മതംമാറ്റുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മീനാക്ഷി പറയുന്നു.
നേരത്തെ തന്നെ ഫൈസലിന് വധഭീഷണി ഉണ്ടായിരുന്നെന്നും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയാല്‍ മുസ്‌ലീമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇവര്‍ നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും മീനാക്ഷി പറയുന്നു. ഇതിന് മുന്‍പും വിനോദും ചിലരും ഫൈസലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു.
വിനോദ് അവിടുത്തെ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ഫൈസല്‍ മരണപ്പെടുന്നതിന്റെ അന്ന പുലര്‍ച്ചെ 4 മണിക്ക് വിനോദ് വീട്ടില്‍ അലാം വെച്ച് ഉണര്‍ന്നിരുന്നെന്നും അമ്മ മീനാക്ഷി പറയുന്നു.
ഫൈസലിനെ വെട്ടിക്കൊന്ന കേസില്‍ സഹോദരി ഭര്‍ത്താവടക്കം എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതം സംബന്ധിച്ച ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കസ്റ്റഡിയിലുള്ളവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് അറിയുന്നത്. ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവ് സ്ഥലത്തെ പ്രധാന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയാണ്.
മതം മാറിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സൂചന. ഫൈസലിന്റെ തലയറുക്കുമെന്ന് നേരത്തെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
അതേസമയം കൊടിഞ്ഞി ഫാറൂഖ് നഗറിലെ മാസ് ബേക്കറിയില്‍നിന്ന് കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങള്‍ വഴി കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസിന് പറയുന്നു. പുലര്‍ച്ചെ 5.05ന് ശേഷം ഫൈസല്‍ ഓടിച്ച ഓട്ടോറിക്ഷയെ രണ്ട് ബൈക്കുകളിലത്തെിയ നാലംഗ സംഘം പിന്തുടരുന്നതും ദുരൂഹസാഹചര്യത്തില്‍ കാര്‍ സ്ഥലത്തത്തെുന്നതും പള്ളിക്ക് മുന്നില്‍ അല്‍പനേരം നിര്‍ത്തിയിട്ട് പോകുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നത്.
അതേസമയം ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. കൊലപാതകം നടത്തിയവരെപ്പറ്റി കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചോടെ കൊടിഞ്ഞി പാലാ പാര്‍ക്കിലെ വാടക വീട്ടില്‍നിന്ന് സ്വന്തം ഓട്ടോയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു ഫൈസല്‍. തിരുവനന്തപുരത്തുനിന്ന് ഭാര്യ ജസ്‌ന (പ്രിയ)യുടെ അച്ഛന്‍ കാര്‍ത്തികേയനും അമ്മ പ്രഭാകുമാരിയും അനുജത്തി രൂപയും ട്രെയിനിന് വരുന്നുണ്ടായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം. ഈ സമയത്ത് സഹോദരിയുടെ ഭര്‍ത്താവാണ് വിവരം കൊലപാതക സംഘത്തെ അറിയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഫൈസല്‍ കഴിഞ്ഞ ഞായറാഴ്ച റിയാദിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു. മതം മാറിയതിന്റെ പേരില്‍ ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായി ഫൈസല്‍ പറഞ്ഞിരുന്നു. ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം.