| Tuesday, 22nd November 2016, 7:37 pm

ഫൈസല്‍ വധക്കേസ്; സഹോദരി ഭര്‍ത്താവടക്കം 8 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മതം മാറിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സൂചന. ഫൈസലിന്റെ തലയറുക്കുമെന്ന് നേരത്തെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.


മലപ്പുറം: മതം മാറിയതിന്റെ പേരില്‍ മലപ്പുറം കൊടിഞ്ഞി സ്വദേശി ഫൈസലിനെ വെട്ടിക്കൊന്ന കേസില്‍ സഹോദരി ഭര്‍ത്താവടക്കം എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതം സംബന്ധിച്ച ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കസ്റ്റഡിയിലുള്ളവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവ് സ്ഥലത്തെ പ്രധാന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയാണ്. മതം മാറിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സൂചന. ഫൈസലിന്റെ തലയറുക്കുമെന്ന് നേരത്തെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.


Also Read: ചലച്ചിത്രമേളയില്‍ മണിക്ക് ആദരമര്‍പ്പിക്കുന്ന വിവരം തന്നെ അറിയിക്കാത്തതിന് പിന്നില്‍ കമലിന്റെ കുശുമ്പും കുബുദ്ധിയുമെന്ന് വിനയന്‍


കൊടിഞ്ഞി ഫാറൂഖ് നഗറിലെ മാസ് ബേക്കറിയില്‍നിന്ന് കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങള്‍ വഴി കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസിന് പറയുന്നു. പുലര്‍ച്ചെ 5.05ന് ശേഷം ഫൈസല്‍ ഓടിച്ച ഓട്ടോറിക്ഷയെ രണ്ട് ബൈക്കുകളിലത്തെിയ നാലംഗ സംഘം പിന്തുടരുന്നതും ദുരൂഹസാഹചര്യത്തില്‍ കാര്‍ സ്ഥലത്തത്തെുന്നതും പള്ളിക്ക് മുന്നില്‍ അല്‍പനേരം നിര്‍ത്തിയിട്ട് പോകുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നത്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. കൊലപാതകം നടത്തിയവരെപ്പറ്റി കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.


Also Read: മോഹന്‍ലാലിന്റെ അഭിപ്രായം ചോദ്യം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമെന്ന് വി.മുരളീധരന്‍


കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്.  പുലര്‍ച്ചെ അഞ്ചോടെ കൊടിഞ്ഞി പാലാ പാര്‍ക്കിലെ വാടക വീട്ടില്‍നിന്ന് സ്വന്തം ഓട്ടോയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു ഫൈസല്‍. തിരുവനന്തപുരത്തുനിന്ന് ഭാര്യ ജസ്‌ന (പ്രിയ)യുടെ അച്ഛന്‍ കാര്‍ത്തികേയനും അമ്മ പ്രഭാകുമാരിയും അനുജത്തി രൂപയും ട്രെയിനിന് വരുന്നുണ്ടായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം. ഈ സമയത്ത് സഹോദരിയുടെ ഭര്‍ത്താവാണ് വിവരം കൊലപാതക സംഘത്തെ അറിയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഫൈസല്‍ കഴിഞ്ഞ ഞായറാഴ്ച റിയാദിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു. മതം മാറിയതിന്റെ പേരില്‍ ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായി ഫൈസല്‍ പറഞ്ഞിരുന്നു. ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം.

We use cookies to give you the best possible experience. Learn more