| Saturday, 28th August 2021, 12:05 pm

നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചുകൊടുക്കണമായിരുന്നു; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകന്‍ ആയിരുന്നു എങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്.

അയ്യങ്കാളി ജയന്തി ദിനത്തില്‍ എസ്.സി – എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയിലായിരുന്നു കൊടിക്കുന്നിലിന്റെ പരാമര്‍ശം.

‘ശബരിമലയ്ക്ക് ശേഷം മുഖ്യമന്ത്രി നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നെങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ചുകൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ട്’ എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും പ്രസംഗത്തില്‍ കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമായി ഉയര്‍ത്തിക്കാട്ടിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 CM should have given his daughter in marriage to a Scheduled Caste person. Kodikunnil Suresh with controversial remarks against the Chief Minister Pinarayi Vijayan
We use cookies to give you the best possible experience. Learn more