| Tuesday, 25th May 2021, 10:54 pm

ലക്ഷദ്വീപ്: ലക്ഷ്യം വര്‍ഗീയ മുതലെടുപ്പെന്ന് കുമ്മനം; സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിതെന്ന് കൊടിക്കുന്നിലിന്റെ കമന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലക്ഷദ്വീപിലെ ഇപ്പോഴത്തെ വിവാദങ്ങളുടെ ലക്ഷ്യം വര്‍ഗീയ മുതലെടുപ്പെന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കൊടിക്കുന്നില്‍ സുരേഷിന്റെ കമന്റ്. സ്‌നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചില്‍ ആണിതെന്ന് കൊടിക്കുന്നില്‍ കമന്റ് ചെയ്തു.

ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ചായിരുന്നു കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലക്ഷദ്വീപ്: ലക്ഷ്യം വര്‍ഗീയ മുതലെടുപ്പ് എന്ന തലക്കെട്ടോടെയാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.ഐ.എം- കോണ്‍ഗ്രസ്- മുസ്‌ലീം ലീഗ് നേതാക്കള്‍ പച്ച നുണ പ്രചരിപ്പിച്ച് രാഷ്ട്രീയ- വര്‍ഗീയ മുതലെടുപ്പിന് സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടത്തുകയാണെന്ന് കുമ്മനം പറയുന്നു.

ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജനപ്രിയങ്ങളായ പദ്ധതികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുമ്പോള്‍, വികലവും വിദ്വേഷജനകവുമായ പ്രചരണ തന്ത്രങ്ങള്‍ വഴി ജനങ്ങളെ ഇളക്കി വിട്ട് ദ്വീപ് സമൂഹത്തെ ശിഥിലമാക്കുകയാണ് മുസ്‌ലീം ലീഗ് – സിപിഎം- കോണ്‍ഗ്രസ്- തീവ്രവാദി അച്ചുതണ്ടിന്റെ ലക്ഷ്യമെന്ന് കുമ്മനം പറയുന്നു.

ഇതിന് മറുപടിയായി ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെങ്കില്‍ നുള്ളി പെറുക്കാന്‍ കഴിയുന്ന 4 ബി.ജെ.പിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിര്‍ക്കുന്നത് എന്തിനാണെന്നും കൊടിക്കുന്നില്‍ ചോദിക്കുന്നു.

No description available.

‘ഈ സമരം തുടങ്ങിയത് കോണ്‍ഗ്രസൊ സി.പി.ഐ.എമ്മോ അല്ല. ലക്ഷദ്വീപിലെ സാധാരണ പൗരന്മാരാണ്. കേരളത്തിലെയും ഇന്ത്യയിലെയും ഓരോ ജനാധിപത്യ വിശ്വാസികളും അതിനോട് ഐക്യപ്പെടുന്നു എന്ന് മാത്രം,’ എന്നും കൊടിക്കുന്നില്‍ കുമ്മനത്തിന് മറുപടി നല്‍കി.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: Kodikunnil Suresh commented below BJP leader Kummanam Rajasekharan’s Facebook post  Lakshadweep issue

We use cookies to give you the best possible experience. Learn more