തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ മന്ത്രി വി. ശിവന്‍കുട്ടി. കൊടിക്കുന്നില്‍ സുരേഷ് ഫ്യൂഡല്‍ മാടമ്പിയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായി ഇത്രയും വിവാദമായ പരാമര്‍ശം നടത്തിയിട്ടും കൊടിക്കുന്നില്‍ അതില്‍ ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പാപ്പരത്തമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്രമിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ തുടങ്ങിയതല്ല. ഒറ്റതിരിഞ്ഞുള്ള ഏത് ആക്രമണത്തേയും ചെറുക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
വ്യക്തമായ സ്ത്രീവിരുദ്ധതയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനയെന്നും സ്ത്രീകള്‍ക്ക് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്ന് ഈ നൂറ്റാണ്ടിലെങ്കിലും അദ്ദേഹത്തെ പോലുള്ളവര്‍ക്ക് ആരാണ് മനസിലാക്കി കൊടുക്കുകയെന്നും ശിവന്‍കുട്ടി ചോദിച്ചു.
ജീവിതത്തിലും സ്വന്തം വീട്ടിലും കൊടിക്കുന്നില്‍ സുരേഷ് ഇതേ ആശയമാണോ പിന്തുടരുന്നതെന്നും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം അംഗീകരിക്കുന്നുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു.
കഴിഞ്ഞ ദിവസം എസ്.സി – എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വെള്ളയമ്പലത്ത് നടന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം.
”ശബരിമലയ്ക്ക് ശേഷം മുഖ്യമന്ത്രി നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നെങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ചുകൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ട്” എന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും പ്രസംഗത്തില്‍ കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരെന്നും കൊടിക്കുന്നില്‍ ആരോപിച്ചിരുന്നു.