| Tuesday, 29th September 2020, 5:27 pm

'സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ് നീതു ജോണ്‍സണ്‍'; കൊടിക്കുന്നില്‍ സുരേഷ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോണ്‍സണ്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണെന്ന പരിഹാസവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ഒടുവില്‍ വേദനയോടെ ഞങ്ങള്‍ ആ സത്യം മനസിലാക്കി. നീതു ജോണ്‍സണ്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ്’- എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

വടക്കാഞ്ചേരി ഗവണ്‍മന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് നീതു ജോണ്‍സണെന്നും വീട്ടില്‍ അമ്മയും ഒരനിയത്തിയുമാണുള്ളതെന്നും കത്തില്‍ പറയുന്നു.

നഗരസഭാ പുറമ്പോക്കില്‍ വെച്ചുകെട്ടിയ ഒരു ഒറ്റമുറി വീട്ടിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വലിയ നിരാശയാണുണ്ടാക്കുന്നതെന്നുമായിരുന്നു നീതു കത്തില്‍ കുറിച്ചത്.

ഈ കത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കത്തെഴുതിയ നീതു ജോണ്‍സണെ കാണാന്‍ തയ്യാറാണെന്ന് അനില്‍ അക്കരെ എം.എല്‍.എ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ അനില്‍ അക്കര എം.എല്‍.എ നീതുവിനെ കാത്തിരുന്നെങ്കിലും കാണാന്‍ സാധിച്ചില്ല.

നീതുവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വടക്കാഞ്ചേരി ഏങ്കേകാട് മങ്കര റോഡില്‍ രാവിലെ 9 മണി മുതല്‍ പന്തല്‍ കെട്ടി അദ്ദേഹം നീതുവിനെ കാത്തിരുന്നത്.

അതേസമയം നീതുവിന്റെ കത്ത് വായിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രമ്യ ഹരിദാസ് എം.പിയും രംഗത്തെത്തിയിരുന്നു. രണ്ടര മണിക്കൂര്‍ കാത്തിരുന്നെങ്കിലും നീതു വന്നില്ല. ഇതോടെ നീതുവിനെ കണ്ടെത്താനായി വടക്കാഞ്ചേരി പൊലീസില്‍ എം.എല്‍.എ പരാതിയും നല്‍കിയിട്ടുണ്ട്.

നീതുവിനെ കാത്ത് റോഡില്‍ കുത്തിയിരുന്ന അനില്‍ അക്കരയെ പരിഹസിച്ച് ഡി.ഐ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്തെത്തിയിരുന്നു.

അനില്‍ അക്കര തന്നെയാണോ നീതു എന്ന് പറഞ്ഞ് കത്തയച്ചതെന്ന് നമുക്ക് അറിയാന്‍ പറ്റില്ലല്ലോയെന്നും സതീശന്‍ കഞ്ഞിക്കുഴിമാരുടെ സംഘടന അല്ലേ അത് എന്നുമായിരുന്നു റഹീമിന്റെ പരിഹാസം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒടുവില്‍ വേദനയോടെ ഞങ്ങള്‍ ആ സത്യം മനസിലാക്കി. നീതു ജോണ്‍സണ്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ്.

#NeethuJohnson
#CapsuleTaxi

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Kodikunnil Suresh Facebook Post About Neethu Jhonson

We use cookies to give you the best possible experience. Learn more