| Tuesday, 2nd March 2021, 11:58 pm

കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടില്‍ സി.പി.ഐ.എം ഉറച്ചു നില്‍ക്കുന്നു; പു.ക.സ വെസ് പ്രസിഡണ്ട് ഗോകുലേന്ദ്രനെതിരായ മീടു ആരോപണത്തില്‍ കൊടിക്കുന്നില്‍ സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡണ്ട് എ.ഗോകുലേന്ദ്രനെതിരായ മീ ടു ആരോപണം പുറത്തുവന്നിട്ടും നടപടിയെടുക്കാത്തതിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി.

ഗോകുലേന്ദ്രനെതിരെ തുറന്നു പറഞ്ഞതിന് ശേഷവും കുറ്റവാളിയെ അന്വേഷണാര്‍ത്ഥം സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ പോലും സി.പി.ഐ.എമ്മോ, അതിന്റെ സാംസ്‌കാരിക സംഘടനയായ പു.ക.സയോ തുനിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടില്‍ സി.പി.ഐ.എം ഉറച്ചു നില്‍ക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് ശേഷം ഇടതു സൈബര്‍ ലോകം പുലര്‍ത്തുന്ന കുറ്റകരമായ മൗനമെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

എനിക്കോ എന്റെ വീട്ടുകാര്‍ക്കോ എന്തെങ്കിലും വിധത്തിലുള്ള ഉപദ്രവം ഉണ്ടായാല്‍ അതിന് ഗോകുലേന്ദ്രനും സി.പി.ഐ.എമ്മും (അയാളെ സംരക്ഷിക്കുന്നിടത്തോളം) ഉത്തരവാദി ആയിരിക്കും’ കഴിഞ്ഞ ദിവസം വിദ്യമോള്‍ പ്രമാടം (Lone bird) എന്ന ദളിത് പെണ്‍കുട്ടി ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലെ അവസാന വരികളാണിത്.

ആ പെണ്‍കുട്ടി പു.ക.സ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.ഗോകുലെന്ദ്രനില്‍ നിന്ന് കുട്ടിക്കാലം മുതല്‍ തനിക്ക് നേരെയുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ അത് ചെറുപ്പം മുതല്‍ പലരോടും പറഞ്ഞിരുന്നു എന്നും, അതേ അനുഭവം ഉള്ള പലകുട്ടികളും തന്നോട് ഗോകുലെന്ദ്രനില്‍ നിന്നുണ്ടായ സമാന അനുഭവം പങ്കുവെച്ചിട്ടുണ്ടെന്നും വിദ്യമോള്‍ എഴുതുന്നു. പതിനാല് വയസ്സില്‍ തന്റെ കവിത സമാഹാരം പുറത്തിറക്കിയ ആ കുട്ടി ഈ അനുഭവത്തിന് ശേഷം വേദികളില്‍ നിന്നും, സാഹിത്യ ലോകത്ത് നിന്നും പിന്‍വലിഞ്ഞ് ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയില്‍ വരെയെത്തി.

വിദ്യമോളെ പോലുള്ള ഒരുപാട് കുട്ടികള്‍ക്ക് ഇടതുപക്ഷ സാംസ്‌കാരിക ഇടങ്ങളില്‍ നിന്ന് ഇതേ ചൂഷണ അനുഭവങ്ങള്‍ ഉണ്ട്. ത്രീവ്രത കുറഞ്ഞ പീഡനങ്ങള്‍ എന്നൊക്കെ പാര്‍ട്ടി കോടതികളില്‍ തീര്‍പ്പുണ്ടാക്കി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിന് പാര്‍ട്ടി തന്നെ വിലങ്ങുതടിയകാറാണ് പതിവ്.

വിദ്യമോള്‍ ഇത് തുറന്നു പറഞ്ഞതിന് ശേഷവും കുറ്റവാളിയെ അന്വേഷണാര്‍ത്ഥം സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ പോലും സി.പി.ഐ.എമ്മോ, അതിന്റെ സാംസ്‌കാരിക സംഘടനയായ പുകസയൊ തുനിഞ്ഞിട്ടില്ല.

വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടില്‍ സി.പി.ഐ.എം ഉറച്ചു നില്‍ക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിദ്യമോളുടെ വെളിപ്പെടുത്തലിന് ശേഷം ഇടതു സൈബര്‍ ലോകം പുലര്‍ത്തുന്ന കുറ്റകരമായ മൗനം.
സമൂഹത്തിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ഇത്തരം അതിക്രമങ്ങളില്‍ പ്രതികള്‍ എത്ര ഉന്നതരായാലും അവര്‍ പിടിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. അതിനു വേണ്ടി സൈബറിടവും പൊതു സമൂഹവും ഇരയുടെ കൂടെ നില്‍ക്കേണ്ടതുണ്ട്.
#StopChildAbuse

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:

We use cookies to give you the best possible experience. Learn more