| Tuesday, 25th May 2021, 4:43 pm

ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എന്താണ് ഇത്ര 'ചൊറിച്ചില്‍'; കൊടിക്കുന്നില്‍ സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നയങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങള്‍ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിതെന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്.

‘ലക്ഷദ്വീപില്‍ ഗുജറാത്ത് മോഡല്‍ ഭരണം നടപ്പാക്കി ഒരു ജനതയുടെ സംസ്‌ക്കാരത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നടപടികളില്‍ നിന്ന് അഡ്മിനിസ്‌ട്രെറ്റര്‍ പിന്തിരിയണം. ഇന്ത്യയുടെ ബഹുസ്വരതയെ എന്നും വെറുപ്പോടെ കാണുന്ന ബി.ജെ.പിയുടെ രീതികള്‍ പരീക്ഷിക്കാനുള്ള ലബോറട്ടറിയില്ല ലക്ഷദ്വീപും അവിടത്തെ നിഷ്‌കളങ്കളരായ ജനസമൂഹവും’, കൊടിക്കുന്നില്‍ ഫേസ്ബുക്കിലെഴുതി.

നിരവധി പേരാണ് ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത്, ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ്, സിത്താര കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജനങ്ങള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പി ക്കും എന്താണ് ഇത്ര ‘ചൊറിച്ചില്‍’ എന്ന് മനസിലാവുന്നില്ല.

ലക്ഷദ്വീപില്‍ ഗുജറാത്ത് മോഡല്‍ ഭരണം നടപ്പാക്കി ഒരു ജനതയുടെ സംസ്‌ക്കാരത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നടപടികളില്‍ നിന്ന് അഡ്മിനിസ്‌ട്രെറ്റര്‍ പിന്തിരിയണം. ഇന്ത്യയുടെ ബഹുസ്വരതയെ എന്നും വെറുപ്പോടെ കാണുന്ന ബി ജെ പിയുടെ രീതികള്‍ പരീക്ഷിക്കാനുള്ള ലബോറട്ടറിയില്ല ലക്ഷദ്വീപും അവിടത്തെ നിഷ്‌കളങ്കളരായ ജനസമൂഹവും.

അനന്യമായ സംസ്‌കാരവും ചരിത്രപരമായ സവിശേഷതകളും പാരിസ്ഥിതികമായ പ്രാധാന്യവും ഉള്ള ലക്ഷദ്വീപിനെയും അവിടുത്തെ ജനതയെയും നവകൊളോണിയല്‍ രീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ഉടന്‍ തിരിച്ചുവിളിക്കണമെന്ന് ആവിശ്യപ്പട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. അദ്ദേഹം പുറപ്പെടുവിച്ച ജനവിരുദ്ധ നിയമങ്ങളും ഉടന്‍ പിന്‍വലിക്കണം.

ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത ഭരണകൂട പീഡനമാണ് പ്രഫുല്‍ കെ പട്ടേല്‍ എന്ന മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അഡ്മിനിസ്‌ട്രേറ്ററായി ഭരണമേറ്റതു മുതല്‍ ലക്ഷദ്വീപില്‍ നടന്നുവരുന്നത്. അംഗന്‍വാടി പ്രവര്‍ത്തകരുള്‍പ്പെടെ നൂറുകണക്കിന് കോണ്‍ട്രാക്ട്, കാഷ്വല്‍ തൊഴിലാളികളെ പിരിച്ചുവിടുകയും, മല്‍സ്യ തൊഴിലാളികളുടെ ജീവനോപാധികള്‍ക്കുമേല്‍ ഭരണകൂട ഭീകരത അഴിച്ചു വിടുകയുമാണ്. നിര്‍ദിഷ്ട ഭൂമി കൈമാറ്റ നിയമത്തിലൂടെ ദ്വീപ് നിവാസികളുടെ ഭൂമിക്കുമേലുള്ള അവകാശങ്ങള്‍പ്പോലും ഹനിക്കുന്നു. ദ്വീപ് നിവാസികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനും ഉപജീവനത്തിനും മേല്‍ കടിഞ്ഞാണിട്ട് കന്നുകാലികളുടെ പരിപാലനവും വളര്‍ത്തലും സംബന്ധിച്ച നിയമം പരിഷ്‌കരിച്ചുകൊണ്ട് കന്നുകാലി വധ നിരോധനം കൊണ്ട് വരാന്‍ ശ്രമിക്കുന്നു. കുറ്റകൃത്യങ്ങള്‍ തീരെയില്ലാത്ത ദ്വീപില്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനായി ഗുണ്ടാ നിയമം നടപ്പാക്കിയ പ്രഫുല്‍.കെ.പട്ടേല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ഭരണമാണ് ദ്വീപില്‍ നടപ്പിലാക്കുന്നത്.

ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മീന്‍പിടുത്തമായ ലക്ഷദ്വീപില്‍ തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പ്രഖ്യാപിച്ച് പൊളിച്ചുമാറ്റുകയാണ്.
വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനം കൈക്കൊണ്ട അഡ്മിനിസ്‌ട്രേഷന്‍ ബേപ്പൂരിനെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് എടുത്തത്തിട്ടുള്ളത്. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനാണ് രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം. ഇത് ദൂരവ്യപകമായ പ്രത്യഘാതങ്ങള്‍ക്ക് ഇടയാക്കും. അതിനെ എന്ത് വിലകൊടുത്തും ചെറുക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Kodikunnil Suresh About Lakshaweep Issue

We use cookies to give you the best possible experience. Learn more