| Friday, 4th January 2019, 10:56 am

ശബരിമല; എം.പിമാര്‍ കറുത്ത ബാഡ്ജ് ധരിച്ചതില്‍ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചെന്ന റിപ്പോര്‍ട്ട് തള്ളി കൊടിക്കുന്നില്‍ സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എം.പി. എം.പിമാര്‍ കറുത്ത ബാഡ്ജ് ധരിച്ചതില്‍ സോണിയ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തയും കൊടിക്കുന്നില്‍ സുരേഷ് നിഷേധിച്ചു.

“ശബരിമല വിഷയത്തില്‍ കേരളത്തിലെ സാഹചര്യമനുസരിച്ച് നിലപാടെടുക്കാനാണ് കേന്ദ്രനേതൃത്വം കേരള ഘടകത്തോട് നിര്‍ദേശിച്ചത്. ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പിനോടു പോലും സോണിയാജി അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വാര്‍ത്ത വന്നു എന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്. ആരാണീ വാര്‍ത്ത നല്‍കിയത്?” കൊടിക്കുന്നില്‍ സുരേഷ് ചോദിക്കുന്നു.

കേരളത്തിലെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കൂവെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കറുത്ത റിബണ്‍ ധരിച്ച് പാര്‍ലമെന്റില്‍ ചെന്നതും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതും. ശബരിമല വിഷയത്തില്‍ നിലപാടെടുക്കാനുള്ള അധികാരം ഞങ്ങള്‍ക്കു വിട്ടുതന്നതാണ്. ദേശീയ നേതൃത്വത്തിന് യുവതീ പ്രവേശനത്തോട് അനുകൂല നിലപാടാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ ഓഡിനന്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

Also read:കോണ്‍ഗ്രസ് ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നിലകൊള്ളുന്നു; ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിക്കുന്നതില്‍ നിന്നും എം.പിമാരെ വിലക്കി സോണിയാ ഗാന്ധി

ബുധനാഴ്ച യു.ഡി.എഫ് എം.എല്‍.എമാര്‍ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയ്‌ക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്നാണ്. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഓഡിനന്‍സ് സംബന്ധിച്ച് കെ.പി.സി.സി നേതൃത്വത്തെ ആരും ഒന്നും അറിയിച്ചിട്ടില്ലയെന്നാണ്. കേന്ദ്രനേതൃത്വവുമായി ആലോചിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് എം.പിമാര്‍ കറുത്ത ബാന്റുകളുമായി ലോക്സഭയിലെത്തിയിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി എം.പിമാരെ ഇത് ധരിക്കുന്നതില്‍ നിന്നും വിലക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more