| Sunday, 24th September 2023, 9:13 am

ഡാനിഷിനെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല; നടപടികള്‍ സ്വീകരിച്ചു: കൊടിക്കുന്നില്‍ സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാലാണ് ഡാനിഷ് അലിക്ക് നേരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി ഉപയോഗിച്ച പദങ്ങള്‍ തനിക്ക് മനസിലാകാതിരുന്നതെന്ന് ലോക്‌സഭാ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്. ബിധുരി പറഞ്ഞ വാക്കുകള്‍ മനസിലായതിന് തൊട്ടുപിന്നാലെ ബി.ജെ.പി എം.പിക്കെതിരെ നടപടി സ്വീകരിച്ചുവെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

ഡാനിഷ് അലി എം.പിക്കുണ്ടായ വേദനയും അപമാനവും ഉള്‍ക്കൊണ്ട് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതാണ് രമേശ് ബിധുരിയുടെ പരാമര്‍ശങ്ങള്‍ എന്ന് മനസിലാക്കി നീതി ഉറപ്പുവരുത്താന്‍ പരിശ്രമിച്ചുവെന്നാണ് വിമര്‍ശനങ്ങളോട് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്.

‘പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഉണ്ടായ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ വിശദീകരണം നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സംഭവത്തില്‍ ഞാന്‍ മതിയായ രീതിയില്‍ ഇടപെട്ടില്ല എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ദൗര്‍ഭാഗ്യകരമാണ്.

ലോക്‌സഭയില്‍ ചന്ദ്രയാന്‍ ചര്‍ച്ചയുടെ അവസാന സമയത്ത് രാത്രി 10.53നാണ് ബി.ജെ.പിയുടെ രമേശ് ബിധുരി എന്ന കുപ്രസിദ്ധനായ അംഗം തന്റെ പ്രസംഗം ആരംഭിച്ചത്.

പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്ന സംവിധാനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അത്രത്തോളം കാര്യക്ഷമമല്ലാത്തതിനാല്‍ രമേശ് ബിധുരി ഡാനിഷ് അലി എം.പിക്കെതിരെ വിദ്വേഷപരമായ വാക്കുകള്‍ ഉപയോഗിച്ചത് മനസിലായില്ല. അത് അറിഞ്ഞ ആ നിമിഷം തന്നെ സഭാനാഥന്‍ എന്ന നിലയില്‍ നിന്ദ്യമായ എല്ലാ പരാമര്‍ശവും സഭാരേഖകളില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു.

തുടക്കം മുതല്‍ തന്നെ സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയില്‍ ബിധുരിക്കെതിരെ പല തവണ മുമ്പും താക്കീതുകള്‍ നല്‍കിയിട്ടുണ്ട്.

രമേശ് ബിധുരിയുടെ ഭാഗത്ത് നിന്നും വന്നത് അയാള്‍ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി-സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായ വര്‍ഗീയതയും വെറുപ്പുമാണ്. എത്ര പുതിയ പാര്‍ലമെന്റ് മന്ദിരം പണിഞ്ഞാലും എത്രയൊക്കെ വികസനത്തിന്റെ വ്യാജ പ്രചരണങ്ങള്‍ നടത്തിയാലും ബി.ജെ.പിയുടെ ജാതീയതയും മുസ്‌ലിം വിരുദ്ധതയുടെയും മനോഭാവം മാറുന്നില്ല.

സംഘപരിവാര്‍ വര്‍ഗീയ വാദികള്‍ക്കെതിരെ എന്നും എക്കാലത്തും കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള എന്റെ രാഷ്ട്രീയ ജീവിതം എല്ലാ മലയാളികള്‍ക്കും അറിയാവുന്നതാണ്.

വര്‍ഗീയതക്കെതിരെ നിരന്തരം പോരാടുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ഞാന്‍ എന്‍രെ അവസാന ശ്വാസം വരെയും വര്‍ഗീയതയ്ക്കും ജാതീയതക്കും എതിരെയുള്ള പോരാട്ടം തുടരുകയും ചെയ്യും,’ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ചാന്ദ്രയാന്‍-3ന്റെ വിജയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ചര്‍ച്ചക്കിടയിലാണ് ബിധുരി ഡാനിഷ് അലിക്കെതിരെ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയത്. ഭീകരവാദി (ആതങ്ക് വാദി), തീവ്രവാദി (ഉഗ്രവാദി), ചേലകര്‍മം നടത്തിയവന്‍ (കട്‌വ), മുസ്‌ലിം തീവ്രവാദി (മുല്ല ആതങ്ക് വാദി), കൂട്ടിക്കൊടുപ്പുകാരന്‍ (ഭഡ്വ) എന്ന് വിളിക്കുകയും തുടര്‍ന്ന് ഈ മുല്ലയെ പുറത്താക്കൂ എന്ന് പറയുകയും ചെയ്തു.

2015ലും സഭയില്‍ ബിധുരി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.ബിധുരിക്കെതിരെ അഞ്ച് വനിതാ എം.പിമാര്‍ പരാതി നല്‍കിയെങ്കിലും വിശദീകരണം ചൊദിച്ചതല്ലാതെ നടപടികള്‍ ഉണ്ടായില്ല.

തന്റെ പരാതിയില്‍ ബിധുരിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സഭയില്‍ നിന്ന് രാജി വെക്കുമെന്ന് ഡാനിഷ് അലി പറഞ്ഞു.

ബിധുരിയുടെ പരാമര്‍ശം കേട്ട് മുന്‍ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളുമായ ഹര്‍ഷ്‌വര്‍ധനും രവിശങ്കര്‍ പ്രസാദും ചിരിച്ചുകൊണ്ടിരുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സംഭവത്തില്‍ സ്പീക്കറോട് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടത്;

ചെയര്‍പേഴ്‌സണ്‍ എന്ന നിലക്ക് തന്നിലര്‍പര്പിച്ച ഉത്തരവാദിത്തം ഭരണാഘടനാ ചൈതന്യവും സഭാമൂല്യങ്ങളും ഉറപ്പുവരുത്തി താന്‍ നിര്‍വഹിച്ചുവരുന്നതാണെന്നാണ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കൊടിക്കുന്നില്‍ പറയുന്നത്.

‘ഏറെ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ സഭക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് ബി.ജെ.പി എംപി രമേശ് ബിധുരി പെരുമാറിയത്. നമ്മുടെ കാതലായ മൂല്യങ്ങളെ ആ സംഭവം പിടിച്ചുലച്ചു. തന്റെ പ്രസംഗത്തില്‍ നിന്ന് ഡാനിഷ് അലി എം.പിക്കെതിരെ വഷളന്‍ പദങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും നിന്ദ്യവും വെറുപ്പുളവാക്കുന്നതുമായ അഭിപ്രായ പ്രകടനങ്ങളാണ് ബിധുരി നടത്തിയത്.

സഭയിലെ പ്രതിഷേധത്തില്‍ പറയുന്നത് കൃത്യമായി കേള്‍ക്കാന്‍ സാധിച്ചില്ലെങ്കിലും വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ അത്രയും നീക്കാന്‍ ഉത്തരവിട്ടു. സഹ എം.പിയുടെ മതം നോക്കി അത്രയും നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തുകയും സഭക്ക് പുറത്ത് നേരിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. അതിനാല്‍ സഭയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ അടക്കം കര്‍ശന നടപടികള്‍ കൈക്കൊണ്ട് വിഷയം അവകാശ ലംഘന കമ്മിറ്റിക്ക് വിടണം,’ കത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

Content Highlight: Kodikkunnil Suresh on controversial speech of Ramesh Bidhuri

We use cookies to give you the best possible experience. Learn more