| Monday, 30th December 2024, 2:35 pm

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനിക്ക് പരോള്‍. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍.

30 ദിവസത്തേക്ക് ജയില്‍ ഡിജി.പിയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

കേസിലെ മുഖ്യ പ്രതിയായ സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പരോള്‍ ലഭിക്കുന്നത്. ജയിലില്‍വെച്ച് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനെ തുടര്‍ന്നും ജയിലിലിരിക്കെ മറ്റ് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തതിനെടത്തുടര്‍ന്നും കൊടി സുനിക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് ജയില്‍ വകുപ്പും ആഭ്യന്തര വകുപ്പും തീരുമാനിച്ചിരുന്നു.

കൊടിസുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ കൊടി സുനിയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് തവനൂര്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. പരോള്‍ കിട്ടിയതിനെത്തുടര്‍ന്ന് സുനി ശനിയാഴ്ച്ച പുറത്തിറങ്ങി.

പൊലീസിന്റെ പ്രോബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിരുന്നിട്ടും പരോള്‍ ലഭിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ ജയില്‍ മേധാവിക്ക് അയയ്ക്കും. ഇത് പരിശോധിച്ച് ജയില്‍ മേധാവി അന്തിമ തീരുമാനമെടുക്കും.

ഈ തീരുമാനത്തില്‍ തനിക്ക് ആശ്ചര്യമൊന്നും തോന്നുന്നില്ലെന്ന് കെ.കെ. രമ എം.എല്‍.എ പ്രതികരിച്ചു. പ്രോബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് തേടിയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.

അമ്മയെ കാണാന്‍ ആണ് പരോള്‍ അനുവദിച്ചതെങ്കില്‍ എന്തിനാണ് ഒരു മാസം അനുവദിച്ചതെന്നും പത്ത് ദിവസം മാത്രം മതിയായിരുന്നല്ലോ എന്നും കെ.കെ. രമ ചോദിച്ചു. നിയമവിദഗ്ദരുമായി കൂടിയാലോചന ന
ത്തി മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  Kodi Suni got parole in T.P. Chandrasekaran murder case

We use cookies to give you the best possible experience. Learn more