ഇരിട്ടി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി എന്ന സുനില്‍കുമാര്‍ പിടിയില്‍. മുഹമ്മദ് ഷാഫി, കിര്‍മാനി മനോജ് എന്നിവരും സുനിയോടൊപ്പം പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി പോലീസ് തിരയുന്ന പ്രതികളായ ഇവരെ കണ്ണൂരിലെ മുഴക്കുന്നില്‍ വെച്ചാണ് പിടികൂടിയത്.
പോലീസ് വേഷം മാറി ടിപ്പര്‍ലോറിയിലാണ് ഇവരുടെ താവളത്തിലേക്ക് പോയത്. മൂന്ന് കിലോമീറ്ററോളം ദൂരം പോലീസ് വനത്തിലൂടെ നടന്നതിന് ശേഷമാണ് താവളം കണ്ടുപിടിക്കാനായത്. പോലീസ് എത്തുമ്പോള്‍ കൊടിസുനിയും കൂട്ടരും ഉറങ്ങുകയായിരുന്നു. എന്നാല്‍ പോലീസിനെ കണ്ട ഉടന്‍ കൊടി സുനി തോക്ക് ചൂണ്ടി പ്രതിരോധത്തിന് ശ്രമിച്ചിരുന്നു. ആറ് തിര നിറയ്ക്കാവുന്ന തോക്കായിരുന്നു ഇത്. പിന്നീട് നടന്ന മല്‍പ്പിടുത്തത്തിലൂടെയാണ് കൊടി സുനിയെ പോലീസ് കീഴ്‌പ്പെടുത്തിയത്. ഇവരുടെ കൈയ്യില്‍ നിന്ന് തോക്കും കഠാരകളുമുള്‍പ്പെടെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കൊടി സുനിയ്ക്കും കൂട്ടര്‍ക്കും താവളമൊരുക്കിയ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. കാരായി ശ്രീജിത്ത്, കാട്ടി സുധി, നെല്ലിക്കല്‍ രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരിട്ടിക്കടുത്ത് പെരിങ്ങനാമലയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
ഇന്നലെ രാത്രി തന്നെ പോലീസിന് ഇവര്‍ ഇരിട്ടിക്കടുത്ത് വനമേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. വാഹനം പോലും ചെന്നെത്താത്തത്ര ഉള്‍പ്രദേശമായ സ്ഥലത്തേക്ക് ഓപ്പറേഷനുമായി നീങ്ങിയ പോലീസ് സംഘത്തില്‍ നീക്കം ചോരാതിരിക്കാന്‍ വിശ്വസ്തരായ ചുരുക്കം ചിലരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. പോലീസിന്റെ വളരെ നിര്‍ണ്ണായകമായ നീക്കമാണ് ഇവരെ പിടികൂടാന്‍ സഹായിച്ചത്.
സി.പി.ഐ.എമ്മിന്റെ സുരക്ഷിത കേന്ദ്രമായ ഇവിടെ പ്രത്യേകം ഷെഡ് നിര്‍മ്മിച്ചാണ് ഇവരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പാര്‍ട്ടി തെരഞ്ഞെടുപ്പ് കാലത്തു എതിര്‍കക്ഷികള്‍ക്ക് പ്രചാരണത്തിന് എത്താന്‍ പോലും കഴിയാത്ത ഇവിടെ പാര്‍ട്ടിക്കാരുടെ കണ്ണുവെട്ടിച്ച് ആര്‍ക്കും പ്രവേശിക്കാനാവില്ലെന്നും പോലീസ് പറയുന്നു.
ഇരിട്ടിയിലെ ഈ മലനിരകളിലേക്ക് എളുപ്പമൊന്നും ആര്‍ക്കും ചെന്നെത്താന്‍ കഴിയില്ല എന്ന് ബോധ്യമുള്ളതിനാലാണ് കൊടി സുനിയും മനോജും മുഹമ്മദ്ഷാഫിയും ഇവിടെ ഒളിച്ചു പാര്‍ത്തത്. ഇരിട്ടിയിലെ തന്നെ ഒരു സി.പി.ഐ.എം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയുമാണ് തങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കിവന്നിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയതായാണ് സുചന.
ടി.പി വധത്തിന് ശേഷം കുറച്ചുനാള്‍ ഇവര്‍ അന്യസംസ്ഥാനത്തേക്ക് കടന്നിരുന്നെങ്കിലും പിന്നീട് കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇരിട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചിരുന്നതായും അറിയുന്നുണ്ട്.
കൊടി സുനിയേയും കൂട്ടാളികളേയും വടകരയിലെ പോലീസ് കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇവരെ വിശദമായി ചോദ്യം ചെയ്ത് ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് അറിയുന്നത്.
ഇനി കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കുഞ്ഞനന്തന്റേയോ കൊടിസുനിയുടേയോ അറസ്റ്റ് അനിവാര്യമായിരുന്നു. കൊടി സുനിയുടെ അറസ്‌റ്റോടെ ടി.പി വധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകും. അന്വേഷണ സംഘത്തലവന്‍ വിന്‍സന്റ് എം പോള്‍ അവധിയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് ഇവരുടെ അറസ്റ്റ് നടന്നിരിക്കുന്നത്.
ഇതോടെ കൊലയാളിസംഘത്തിലെ ആറു പ്രതികള്‍ പിടിയിലായി. കൊലയാളിസംഘത്തിലെ ഏഴാമനായ ഷിനോജും ഗൂഡാലോചനയില്‍ പങ്കെടുത്ത പി.കെ കുഞ്ഞനന്തനും മാത്രമാണ് ഇനി പിടിയിലാകാനുള്ള പ്രമുഖര്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അണ്ണന്‍ എന്ന സിജിത്ത്, ടി. കെ.രജീഷ്, എം.സി അനൂപ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.