| Saturday, 24th July 2021, 3:33 pm

കൊടകര മോഡല്‍ കുഴല്‍പ്പണ കവര്‍ച്ച സേലത്തും; കേരളത്തിലേക്ക് കൊണ്ടുവന്ന 4.40 കോടി കവര്‍ന്നു, കാര്‍ പൊലീസ് കണ്ടെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സേലം: കൊടകര മോഡല്‍ കുഴല്‍പ്പണ കവര്‍ച്ച സേലത്തും നടന്നതായി റിപ്പോര്‍ട്ട്. പണം കവര്‍ന്ന കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാറുടമക്ക് നോട്ടീസ് അയച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്ന് സേലം പൊലീസ് അറിയിച്ചു. കാര്‍ സേലം കൊങ്കണാപുരം സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊടകര കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് ഈ വിവരം ലഭിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അനധികൃതമായി ബി.ജെ.പി. കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന പണമാണിത്.

കൊടകര കേസില്‍പ്പെട്ട ചില പ്രതികളുടെ നേതൃത്വത്തിലാണ് പണം കവര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ ആരും പരാതി നല്‍കിയിട്ടില്ല.

അതേസമയം, കൊടകര കേസിന്റെ കുറ്റപത്രം സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ പ്രമേയമാണെന്ന് ബിജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

കുറ്റപത്രം മല എലിയെ പ്രസവിച്ചത് പോലെയാണ്. കള്ളപ്പണം കൊണ്ട് വന്നത് ബി.ജെ.പിയാണെന്ന് സ്ഥാപിക്കാനാണ് കുറ്റപത്രം ശ്രമിക്കുന്നത്. ഒരു തെളിവും ഇല്ലാതെ, വെറും രാഷ്ട്രീയ പകപോക്കല്‍ കൊണ്ട് മാത്രമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കൊടകരയില്‍ കൊള്ളയടിച്ച മൂന്നരക്കോടി കള്ളപ്പണമാണെന്നും കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും കേരളത്തിലേക്ക് പണം കൊണ്ടുവന്ന ധര്‍മരാജന്‍ സുരേന്ദ്രന്റെയും ബി.ജെ.പി. സംഘടന സെക്രട്ടറി എം. ഗണേശന്റെയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 CONTENT HIGHLIGHTS:  Kodakara model pipe robbery reportedly in Salem too
We use cookies to give you the best possible experience. Learn more