തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് പ്രതി ധര്‍മരാജനെ അറിയാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ ഡ്രൈവറും സെക്രട്ടറിയും. പൊലീസ് ചോദ്യം ചെയ്യലില്‍ ആണ് സെക്രട്ടറിയായ ദിപിനും ഡ്രൈവറായ ലിബീഷും ഇക്കാര്യം വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല തവണ ധര്‍മരാജനെ ഫോണില്‍ വിളിച്ചുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്.
കെ. സുരേന്ദ്രനുമായും ധര്‍മരാജന് അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ തമ്മില്‍ കണ്ടിരുന്നോ എന്ന് അറിയില്ലെന്നും ഇരുവരും പറഞ്ഞു.
ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വവും, സംസ്ഥാന അധ്യക്ഷനും പ്രതിരോധത്തിലായതിനിടെ അടുത്ത ദിവസം കോര്‍കമ്മിറ്റി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയം, കുഴല്‍പ്പണ കേസ് എന്നിവയും ചര്‍ച്ചയാകും.
അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ സുരേഷ് ഗോപിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് തൃശ്ശൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പദ്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ. സുരേന്ദ്രനെപ്പോലെ സുരേഷ് ഗോപിയും ഹെലികോപ്ടറിലാണ് തൃശ്ശൂരില്‍ പ്രചരണത്തിനായി എത്തിയതെന്നും ആ സമയത്ത് പണം കടത്തിയോ എന്ന് സംശയമുയരുന്നുണ്ടെന്നും പദ്മജ പറഞ്ഞു. ഇതെല്ലാം അന്വേഷണ വിധേയമാക്കണമെന്നും പദ്മജ ഫേസ്ബുക്ക് പോസ്റ്റിലെഴുതി.