| Friday, 4th June 2021, 4:34 pm

കുഴല്‍പ്പണത്തില്‍ ബി.ജെ.പിയ്ക്ക് കുരുക്ക് മുറുകുന്നു; സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരനെ ചോദ്യം ചെയ്യുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന്‍ മിഥുനെ ചോദ്യം ചെയ്യുന്നു. കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഫോണില്‍ വിളിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍.

തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നേരത്തെ ഓഫീസ് സെക്രട്ടറി ഗിരീഷിനെ ചോദ്യം ചെയ്തിരുന്നു.

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു.

ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ഏപ്രില്‍ രണ്ടിലെ സി.സി.ടി.വി ദൃശ്യം പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സി.സി.ടി.വി തകരാറിലാണെന്ന വിവരമാണ് ജില്ലാ നേതൃത്വം അറിയിച്ചത്.

കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശന്‍, മേഖല സെക്രട്ടറി ജി കാശിനാഥന്‍ എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.

ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. പണം എത്തിച്ച റഷീദിനും ഡ്രൈവര്‍ ഷംജീറിനും മുറിയെടുത്തു നല്‍കിയത് സതീശനാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേതാക്കളുമായി അടുപ്പമുള്ള അഭിഭാഷകര്‍ വഴി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസില്‍ നിന്ന് എഫ്.ഐ.ആര്‍ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു.

കുഴല്‍പ്പണ കേസിന് വിദേശ ബന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. കേസിലെ പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്.

പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇ.ഡി അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodakara Hawala Money BJP Mithun State Committe Office K Surendran

We use cookies to give you the best possible experience. Learn more