| Saturday, 24th July 2021, 8:29 am

കുഴല്‍പ്പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; സംസ്ഥാന അധ്യക്ഷനെ കുരുക്കിലാക്കി കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റെ കെ. സുരേന്ദ്രനെ കുരുക്കിലാക്കി കുറ്റപത്രം. കൊടകരയില്‍ കൊള്ളയടിച്ച മൂന്നരക്കോടി കള്ളപ്പണമാണെന്നും കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും കേരളത്തിലേക്ക് പണം കൊണ്ടുവന്ന ധര്‍മരാജന്‍ സുരേന്ദ്രന്റെയും ബി.ജെ.പി. സംഘടന സെക്രട്ടറി എം. ഗണേശന്റെയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട കള്ളപ്പണം ബെംഗളൂരുവില്‍നിന്നാണ് എത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് പണം കൊണ്ടുവന്നത്.

ബെംഗളൂരുവില്‍നിന്ന് ആലപ്പുഴ ജില്ല ട്രഷറര്‍ കര്‍ത്തക്ക് കൈമാറാനായി കൊണ്ടുപോകും വഴിയാണ് തട്ടിയെടുക്കല്‍ നന്നത്. കര്‍ണാടകയില്‍ പോയി പണം കൊണ്ടുവരാന്‍ ധര്‍മരാജനെ ചുമതലപ്പെടുത്തിയത് ബി.ജെ.പി. സംഘടന സെക്രട്ടറി എം. ഗണേശനും ഓഫീസ് സെക്രട്ടറി ഗിരീഷും ചേര്‍ന്നാണ് എന്നും കുറ്റപത്രത്തിലുണ്ട്.

കേസില്‍ കെ. സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളും 219 സാക്ഷികളുമാണുള്ളത്. കെ. സുരേന്ദ്രന് പുറമെ പണം കൊണ്ടുവന്ന ധര്‍മരാജന്‍, ബി.ജെ.പി. ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി. കര്‍ത്ത, ബി.ജെ.പി. സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേശന്‍ തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.

പണം കടത്തിക്കൊണ്ടു വന്ന ധര്‍മരാജന്‍ കേസില്‍ രണ്ടാം സാക്ഷിയാണ്. കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും സാക്ഷിപ്പട്ടികയിലുണ്ട്.

കേസിലുള്‍പ്പെട്ട രണ്ടുകോടി രൂപ കിട്ടാനുണ്ടെന്നും ആവശ്യമെങ്കില്‍ തുടരന്വേഷണത്തിനും അന്വേഷണ സംഘം ശുപാര്‍ശ ചെയ്യുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodakara Hawala Money BJP K Surendran Chargesheet

We use cookies to give you the best possible experience. Learn more