തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ.ആര്‍ ഹരി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഒ.ബി.സി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പുവിനെ സസ്‌പെന്‍ഡ് ചെയ്തു.
ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. നേരത്തെ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഋഷി പല്‍പ്പു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ജില്ലാ സെക്രട്ടറി വധഭീഷണി മുഴക്കിയെന്നും പല്‍പ്പു പറഞ്ഞിരുന്നു.
എന്നാല്‍ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചതിനാല്‍ പല്‍പ്പുവിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും ബി.ജെ.പി അറിയിക്കുകയായിരുന്നു.
വധഭീഷണിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം കുഴല്‍പ്പണ സംഘത്തിന് തൃശ്ശൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താന്‍ തന്നെയെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് മുറിയെടുത്തത്.
ആര്‍ക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നെന്നുമാണ് സതീഷിന്റെ മൊഴി. ഓഫീസ് സെക്രട്ടറിയായത് 4 മാസം മുമ്പ് മാത്രമാണെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും സതീഷ് അന്വേഷണ സംഘത്തിനെ അറിയിച്ചതായാണ് വിവരം.
തിരൂര്‍ സതീഷിനെ ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു. അതേ സമയം കേസില്‍ ബി.ജെ.പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി പൊലീസിനു ലഭിച്ചതെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kodakara Hawala Money BJP Conflict Thrissur