തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതികള്‍. കുഴല്‍പ്പണം ഒരു രാഷ്ട്രീയപാര്‍ട്ടിയുടേത് തന്നെയാണെന്ന് പ്രതികള്‍ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പണം കവര്‍ന്നത് ഇതേ രാഷ്ട്രീയപാര്‍ട്ടി ഏര്‍പ്പാടാക്കിയ വാടകഗുണ്ടകളാണെന്നും പ്രതികള്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പ്രതികള്‍ പറഞ്ഞിട്ടില്ല
അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നരക്കോടിയോളം രൂപ കവര്‍ന്ന കേസിലെ പ്രതികളുടെ ജാമ്യമാണ് കോടതി തള്ളിയത്. 5-ാം പ്രതി അരീഷ്, 6-ാം പ്രതി മാര്‍ട്ടിന്‍, 7-ാം പ്രതി ലബീബ്, 8ാം പ്രതി അഭിജിത്, 9-ാം പ്രതി വട്ടൂര്‍ ബാബു, 10-ാം പ്രതി അബ്ദില്‍ ഷാഹിബ്, 11-ാം പ്രതി ഷുക്കൂര്‍, 19-ാം പ്രതി എഡ്വിന്‍, 18-ാം പ്രതി മുഹമ്മദ് ഷാഫി, 13-ാം പ്രതി അബ്ദുള്‍ സലാം എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
കൊള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരുന്നതിനാലും കേസ് അട്ടിമറിക്കാന്‍ സാധ്യത നിലനില്‍ക്കുന്നതിനാലും പ്രതികള്‍ക്ക് ജാമ്യമനുവദിക്കരുതെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കവര്‍ച്ച ചെയ്തത് ഹവാല പണമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായികും സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കവെയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് കുഴല്‍പ്പണം തന്നെയാണെന്നും കര്‍ണ്ണാടകയില്‍ നിന്നാണ് പണമെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ പണം കടത്തിയതെന്നും ഡി.വൈ.എസ്.പി. വി.കെ. രാജു കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം യാതൊരു കാരണവശാലും ധര്‍മരാജനോ സുനില്‍ നായിക്കിനോ വിട്ട് നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ മൂന്നേകാല്‍ കോടി ദല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിന് കൊണ്ടു പോവുകയായിരുന്നു എന്നാണ് ധര്‍മരാജന്റെ വാദം.
25 ലക്ഷം രൂപ തന്റേതാണെന്ന് സുനില്‍ നായിക്കും ഹരജിയില്‍ അവകാശപ്പെട്ടിരുന്നു. ഡ്രൈവര്‍ ഷംജീറാണ് കാര്‍ വിട്ടു നല്‍കണം എന്ന ഹരജി നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹരജികള്‍ ഈ മാസം 23 ലേക്ക് മാറ്റിയിരിക്കുകയാണ്.