| Tuesday, 8th June 2021, 9:55 am

കൊടകര കുഴല്‍പ്പണ കേസ്; 15ാം പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം കര്‍ണാടകയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസിലെ 15ാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്കു നീങ്ങുന്നു. കണ്ണൂര്‍ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണു കര്‍ണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്.

ഷിഗില്‍ ബെംഗളൂരുവിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായത്. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മൂന്ന് യുവാക്കള്‍ക്കൊപ്പം കാറിലാണു ഷിഗില്‍ പലയിടങ്ങളിലായി കറങ്ങുന്നതെന്നും ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസമെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ചാ കേസിലെ പത്ത് ലക്ഷം രൂപയാണു ഷിഗിലിന്റെ പക്കല്‍ ഉള്ളതെന്നാണു പൊലീസ് നിഗമനം.

കേസില്‍ പ്രതിപാദിക്കുന്ന മൂന്നരക്കോടിയില്‍ രണ്ടേകാല്‍ കോടി കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണു പൊലീസ്. ഒന്നേകാല്‍ കോടി മാത്രമാണു പ്രതികളില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്.

അതേസമയം, കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ ഉടന്‍ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പണം പോയി അരമണിക്കൂറിനുള്ളില്‍ ധര്‍മരാജന്‍ ഇവരെയെല്ലാം വിളിച്ചതായും പൊലീസ് പറയുന്നു.

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകനിലേക്കും നീങ്ങിയിട്ടുണ്ട്. കേസിലെ പ്രതിയായ ധര്‍മ്മരാജനെ സുരേന്ദ്രന്റെ മകന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നു പൊലീസ് പറഞ്ഞു.

എന്നാല്‍ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണു ബി.ജെ.പി. നേതാക്കളുടെ വാദം. കേസില്‍ വാദിയായ ധര്‍മ്മരാജനെ പ്രതിയാക്കുകയാണെന്നാണു നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodakara Hawala case investigation moves to Karnataka

We use cookies to give you the best possible experience. Learn more