| Friday, 13th August 2021, 12:33 pm

കൊടകര കുഴല്‍പ്പണക്കേസില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് പത്ത് ദിവസം പിന്നിട്ടു; ചെറുവിരലനക്കാതെ ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങള്‍ പിന്നിട്ട ശേഷവും നടപടിയെടുക്കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കുഴല്‍പ്പണക്കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടായായിരുന്നു കൊടകര കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേകസംഘം സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ റിപ്പോര്‍ട്ട് നല്‍കി 10 ദിവസം പിന്നിട്ടിട്ടും ഇ.ഡി ഇടപെടാന്‍ തയ്യാറാകുന്നില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. ആഗസ്റ്റ് രണ്ടിനായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം നടത്തേണ്ട ഇ.ഡി സംഭവത്തില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് പുറത്തുവന്നതു കൊണ്ടാണ് നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന വിമര്‍ശനം.

ഏപ്രില്‍ മൂന്നിനായിരുന്നു കൊടകര ദേശീയപാതയില്‍ വെച്ച് കേസിനാസ്പദമായ കവര്‍ച്ച നടന്നത്. 25 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. എന്നാല്‍ അന്വേഷണത്തില്‍ മൂന്നര കോടി കണ്ടെത്തി. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണെന്നാണ് അന്വേഷണം സംഘം സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ പറയുന്നത്. കെ. സുരേന്ദ്രനുള്‍പ്പെടെ 19 ബി.ജെ.പി നേതാക്കള്‍ കേസില്‍ സാക്ഷികളാണ്.

കേസില്‍ നടന്ന അന്വേഷണത്തില്‍ 1.45 കോടി രൂപ കൂടി കേരളത്തിലേക്ക് എത്തിയതായി കണ്ടെത്തിയിരുന്നു. വന്‍തോതിലുള്ള കുഴല്‍പ്പണ ഇടപാടാണ് നടക്കുന്നതെന്നും സംഘം കണ്ടെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്ട്രീയ പാര്‍ട്ടി അനധികൃത പണം കടത്തിക്കൊണ്ടുവന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണൊണ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞത്. അനധികൃത പണം കടത്തില്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ക്കും പങ്കുണ്ട്. കേസില്‍ സമഗ്രമായ അന്വേഷണമാണ് നടത്തിയത്.

പ്രതികളും സാക്ഷികളും അന്വേഷണവുമായി സഹകരിക്കുന്നില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരാതിയില്‍ പറയുന്ന 25 ലക്ഷമല്ല കടത്തിക്കൊണ്ടു വന്നത്. മൂന്നരക്കോടി രൂപ കൊണ്ടു വന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

അതേസമയം കൊടകര കുഴല്‍പ്പണ കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചു കൂടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന്റെ സാധ്യതകള്‍ നോക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കുഴല്‍പ്പണ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. നടപടിയില്ലാത്തതിനെ തുടര്‍ന്ന് സംഘടന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kodakara Hawala case Enforcement Directorate is criticised for not taking action

We use cookies to give you the best possible experience. Learn more